റിയാദ് – ജൂലൈ നാലു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകും. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. അടുത്തിടെ റിയാദ് മെട്രോ ശൃംഖലയില്‍ ഏതാനും പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ട്രെയിന്‍ ശൃംഖലയുടെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്. 2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്.
പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു.