റിയാദ് – ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു. ഇത് റിയാദ് മെട്രോക്ക് ആഗോള നേട്ടമായി. ആധുനികവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതി ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയി ഡ്രൈവറില്ലാ സംവിധാനം ഉപയോഗിച്ച് അത്യാധുനിക സാങ്കേതികവിദ്യയിലാണ് റിയാദ് മെട്രോ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ നിരീക്ഷണം പ്രാപ്തമാക്കുകയും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുകയും ചെയ്യുന്ന നൂതന സവിശേഷതകളുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നാണ് മെട്രോ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം.
2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. ബ്ലൂ ലൈന്‍, യെല്ലോ ലൈന്‍, വയലറ്റ് ലൈന്‍ എന്നീ മൂന്നു റൂട്ടുകളില്‍ 2024 ഡിസംബര്‍ ഒന്നിനും റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 നും ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചിനും സര്‍വീസ് ആരംഭിച്ചു.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലേത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിൽ മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുന്നു. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ കൊണ്ട് നിര്‍മിച്ച 183 ട്രെയിനുകളാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്.
മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കാനും മെട്രോ സഹായിക്കുന്നു. 2024 ഡിസംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റിയാദ് മെട്രോ ഉപയോക്താക്കളുടെ എണ്ണം 12 കോടി കവിഞ്ഞിരുന്നു.



