റിയാദ്- 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഒരുക്കിയ വിരുന്നില്‍ റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന് മുഖ്യാതിഥിയായി. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ ഇന്നലെയായിരുന്നു പരിപാടി. അംബാസഡറും റിയാദ് മേയറും കേക്ക് മുറിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സൗദി വിദേശകാര്യസെക്രട്ടറി അബ്ദുല്‍ മജീദ് അല്‍സമാരിയും വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരും ഇന്ത്യന്‍ സമൂഹപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ചു.
വ്യാപാരം, ഊര്‍ജം, സുരക്ഷ എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്ന് അംബാസഡര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 2023 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും സന്ദര്‍ശനം ഇന്ത്യ സൗദി ചരിത്രത്തില്‍ നാഴികക്കല്ലാണ്. അതിന് ശേഷം വിവിധ മന്ത്രിമാര്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച് വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിരോധം, സാമ്പത്തികം, ഖനനം, ടൂറിസം, ഊര്‍ജം, പരിസ്ഥിതി, ആരോഗ്യം, ഹജ്ജ് വകുപ്പ് മന്ത്രിമാര്‍ സൗദിയിലെത്തി കൂടിക്കാഴ്ച നടത്തി.
നിരവധി ഇന്ത്യന്‍ കമ്പനികള്‍ സൗദിയിലെ വിവിധ മേഖലകളില്‍ മുതല്‍മുടക്കിയിട്ടുണ്ട്. ബോളിവുഡ് മുതല്‍ യോഗ വരെയും സംഗീതം മുതല്‍ ഭക്ഷണം വരെയുമുള്ള സാംസ്കാരിക കൈമാറ്റം ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിച്ചു. അംബാസഡര്‍ പറഞ്ഞു. ശേഷം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ നടന്നു.