റിയാദ്: രണ്ട് മാസം നീണ്ടുനിൽക്കുന്ന റിയാദ് കെഎംസിസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് ഷിഫ ദുറത്ത് അൽ മലാബ് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ സാക്ഷിനിർത്തി നടന്ന ഉദ്ഘാടന ചടങ്ങ് വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളാൽ ശ്രദ്ധേയമായി. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽ റയാൻ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടർ മുഷ്താഖ് മുഹമ്മദ് അലിയും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ചീഫ് ഓപ്പറേഷൻ ഓഫീസർ സനിൻ വാസിമും ചേർന്ന് നിർവഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന മത്സരത്തിൽ അസീസിയ സോക്കർ 3-1ന് ബ്ലാസ്റ്റേഴ്സ് എഫ്.സി. വാഴക്കാടിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്.സി.യും യൂത്ത് ഇന്ത്യ സോക്കറും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ജില്ലാ ചാമ്പ്യൻമാരെ കണ്ടെത്താനുള്ള ആദ്യ മത്സരത്തിൽ കണ്ണൂർ ജില്ലാ ടീം 2-1ന് മലപ്പുറം ജില്ലാ ടീമിനെ തോൽപ്പിച്ചു.
വിവിധ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് ചടങ്ങിന് വേറിട്ട മാറ്റ് കൂട്ടി. ആലപ്പുഴ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ചുണ്ടൻ വള്ളത്തിന്റെ കലാസൃഷ്ടി, പുൽത്തകിടിയിലൂടെ ഒഴുകിനീങ്ങുന്നതിന്റെ മനോഹര ദൃശ്യം ആവേശം പകർന്നു. എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളും വിവിധ മണ്ഡലം കമ്മിറ്റികളും മാർച്ച് പാസ്റ്റിൽ അണിനിരന്നു. ബാൻഡ് വാദ്യങ്ങൾ, കൊൽക്കളി, നൃത്തനൃത്യങ്ങൾ, കഥകളി, വർണകുടകൾ എന്നിവ ചടങ്ങിന് കൊഴുപ്പേകി. വനിതാ കെഎംസിസിയുടെ നേതൃത്വത്തിൽ നിരവധി കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു.
ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ടൂർണമെന്റ് ചീഫ് കോ-ഓർഡിനേറ്റർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. സനിൻ വാസിം കിക്കോഫ് നിർവഹിച്ചു.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ഈ ലീഗ് കം നോക്കൗട്ട് ടൂർണമെന്റ് എട്ട് ആഴ്ച നീണ്ടുനിൽക്കും. സന്തോഷ് ട്രോഫി, ഐ-ലീഗ് താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ കളിക്കാർ വിവിധ ക്ലബുകൾക്കായി കളത്തിലിറങ്ങും. സൗദിയിലെ പ്രവാസി താരങ്ങളും ടീമുകളെ പ്രതിനിധീകരിക്കും. വരുന്ന വാരാന്ത്യങ്ങൾ റിയാദിനെ കൂടുതൽ ആവേശഭരിതമാക്കും.
സിറ്റി ഫ്ലവർ ഫിനാൻസ് മാനേജർ അസീബ് കാപ്പാട്, എ.ബി.സി. കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ വി.കെ. മുഹമ്മദ്, ശറഫുദ്ദീൻ കണ്ണേറ്റി, ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ചെയർമാൻ യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, റിയാദ് ഒ.ഐ.സി.സി. പ്രസിഡന്റ് സലീം കളക്കര, എൻ.ആർ.കെ. ഫോറം ജോ. കൺവീനർ നാസർ കാരക്കുന്ന്, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, അബ്ദുള്ള വല്ലാഞ്ചിറ, ഇല്യാസ് സഫ, ലിയാഖത്ത് വേസ്റ്റേൺ യൂണിയൻ, അൻസാർ ക്രിസ്റ്റൽ ഗ്രൂപ്പ്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, റീവ് കൺസൾട്ടന്റ് മാനേജർ എൻ.എം. റാഷിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ ഫറൂഖ്, അഡ്വ. അനീര്‍ ബാബു, അഷ്റഫ് കല്‍പകഞ്ചേരി, ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, പി സി അലി വയനാട്, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, നജീബ് നല്ലാങ്കണ്ടി വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.