റിയാദ് – ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി രൂപകല്‍പന ചെയ്ത റിയാദ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട നാലു കരാറുകള്‍ ഒപ്പുവെച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. റിയാദ് നഗരത്തിലും പ്രവിശ്യയിലും ടൂറിസം, യാത്ര, ഗതാഗതം എന്നിവയുടെ കേന്ദ്രമായി മാറുന്ന നിലക്ക് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് വികസനത്തിന്റെ പുതിയ ഘട്ടത്തിന് ഇതോടെ തുടക്കമായി. വാസ്തുവിദ്യാ രൂപകല്‍പനയിലും എന്‍ജിനീയറിംഗിലും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പന ചെയ്യും.
ഏതാനും ടെര്‍മിനലുകളും ആറു റണ്‍വേകളും ഒന്നിലധികം ആസ്തികള്‍ അടങ്ങിയ റിയല്‍ എസ്റ്റേറ്റ് ഏരിയയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സവിശേഷമായ യാത്രാനുഭവം സമ്മാനിക്കുന്നതിന് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് രൂപകല്‍പന റിയാദിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുകയും സൗദി സംസ്‌കാരത്തെ അനുകരിക്കുകയും ചെയ്യും.
വിമാനത്താവളത്തിന്റെ വിശദമായ മാസ്റ്റര്‍ പ്ലാനിനും പുതിയ റണ്‍വേകളുടെ രൂപകല്‍പനക്കുമായി എന്‍ജിനീയറിംഗ് കമ്പനിയായ ജേക്കബ്‌സ് പ്രത്യേക കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കും. കണ്‍സള്‍ട്ടിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രമുഖ കമ്പനിയായ മെയ്‌സ്, ആസൂത്രണത്തിന്റെയും നിര്‍മാണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളും നൂതനത്വങ്ങളും നൂതന രീതികളും പ്രയോഗിക്കും.
വ്യോമയാന സാങ്കേതിക, പ്രവര്‍ത്തന സൊല്യൂഷനുകളില്‍ വൈദഗ്ധ്യമുള്ള സൗദി കമ്പനിയായ നേര ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എയര്‍ ട്രാഫിക് കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രവര്‍ത്തന പ്രക്രിയകള്‍ മെച്ചപ്പെടുത്താനും വ്യോമമേഖലയുടെ രൂപകല്‍പനക്ക് മേല്‍നോട്ടം വഹിക്കും.