റിയാദ്– പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള പുതിയ സൗദി ദേശീയ വിമാന കമ്പനിയായ റിയാദ് എയർ സർവീസിന് തുടക്കം. പൂർണ തോതിലുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് റിയാദ് എയർ പരീക്ഷണ സർവീസ് നടത്തി. ആദ്യ വിമാനമായ ആർ.എക്സ് 401 റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3.15 ന് പുറപ്പെട്ട് രാവിലെ 7.30 ന് ലണ്ടൻ ഹീത്രോയിൽ എത്തിയതായാണ് റിപ്പോർട്ട്. ആർ.എക്സ് 402 ലണ്ടനിൽ നിന്ന് രാവിലെ 9.30 ന് പുറപ്പെട്ട് വൈകുന്നേരം 7.15 ന് റിയാദിൽ മടങ്ങിയെത്തും.
ഇന്നു മുതൽ റിയാദ് എയർ റിയാദിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ജമീല എന്ന് പേരിട്ടിരിക്കുന്ന, ബോയിംഗ് 787-9 ഇനത്തിൽ പെട്ട സ്പെയർ വിമാനമാണ് ആദ്യ സർവീസുകൾക്കായി ഉപയോഗിക്കുന്നത്. ബോയിംഗിൽ നിന്ന് ആദ്യ വിമാനം സ്വീകരിക്കുന്നതിന് മുമ്പ് പൂർണ സുസജ്ജത ഉറപ്പാക്കുകയും ഹീത്രോ വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഓപ്പറേറ്റിംഗ് ഷെയർ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തന പ്രോഗ്രാമിന്റെ ഭാഗമായാണ് ഹീത്രോ സർവീസ് ആരംഭിച്ചത്. റിയാദ് എയറിന്റെ പ്രയാണത്തിലെ നിർണായക ഘട്ടമാണിത്. ഭാവിയിൽ ദുബൈയിലേക്കും റിയാദ് എയർ സർവീസുകൾ ആരംഭിക്കും.
സ്പെയർ വിമാനമായ ജമീലയുടെ ഉദ്ഘാടന സർവീസുകളുടെ സമഗ്രമായ വിലയിരുത്തൽ പ്രോഗ്രാമിലൂടെ, വരും ആഴ്ചകളിൽ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റിയാദ് എയർ. പുതിയ വിമാനങ്ങൾ ലഭിച്ചു തുടങ്ങുന്നതോടെ മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ പ്രഖ്യാപിക്കുമെന്ന് റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.
അംബാസഡർ എന്നതിന്റെ അറബി പദവും സ്ഫിയർ എന്നതിന്റെ ഇംഗ്ലീഷ് പദവും സംയോജിപ്പിച്ച സഫീർ എന്ന പേരാണ് റിയാദ് എയറിന്റെ ലോയൽറ്റി പ്രോഗ്രാമിന് തെരഞ്ഞെടുത്തിരിക്കുന്നത്. സൗദിയുടെ ആത്മാവിനെ ഉൾക്കൊള്ളാനും ആഗോളതലത്തിൽ കമ്പനിയെ പ്രതിനിധീകരിക്കാനും റിയാദ് എയറിന്റെ സഫീർ പ്രോഗ്രാം അംഗങ്ങളെ പ്രാപ്തമാക്കുന്നു. കമ്മ്യൂണിറ്റി ഇടപെടലും രസകരമായ വിനോദ അനുഭവങ്ങളും സംയോജിപ്പിക്കുന്ന സവിശേഷമായ ലോയൽറ്റി പ്രോഗ്രാം ആശയവും സഫീർ വാഗ്ദാനം ചെയ്യും.
അംഗങ്ങൾക്കും അവരുടെ സമൂഹത്തിനും ഇടയിൽ ലെവൽ പോയിന്റുകളുടെ കൈമാറ്റം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോഗ്രാമിനുള്ളിൽ ഉയർന്ന തലങ്ങളിലെത്താൻ സഹായിക്കുന്നു. പ്രവർത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, റിയാദ് എയർ എയർബസ് എ-350-1000 ഇനത്തിൽ പെട്ട 50 വിമാനങ്ങൾ വാങ്ങാൻ മാസങ്ങൾക്കു മുമ്പ് കരാർ ഒപ്പുവെച്ചിരുന്നു. 132 വിമാനങ്ങൾക്ക് റിയാദ് എയർ നേരത്തെ ഓർഡറുകൾ നൽകിയിരുന്നു.
പുതിയ കരാറോടെ ഓർഡർ ചെയ്ത വിമാനങ്ങളുടെ ആകെ എണ്ണം 182 ആയി ഉയർന്നു. സൗദിയിലെ വ്യോമഗതാഗത മേഖലയിലെ പ്രതീക്ഷിക്കുന്ന വളർച്ചക്കൊപ്പം സഞ്ചരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതക്ക് വിമാന കരാറുകൾ അടിവരയിടുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ച് വിമാന യാത്രാ അനുഭവത്തിൽ നവീകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തന്ത്രപരമായ പങ്കാളികളുമായി 11 ധാരണാപത്രങ്ങളിൽ റിയാദ് എയർ ഒപ്പുവെച്ചിരുന്നു. 2030 ഓടെ 100 ലേറെ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.



