റിയാദ്- റിയാദിലെ മലപ്പുറത്തുകാരുടെ ജനകീയ കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ (റിമാല്‍) മെമ്പര്‍മാരുടെ ഇഫ്താര്‍ സംഗമവും 17 ാമത് വാര്‍ഷികവും റിയാദിലെ എക്‌സിറ്റ് 18 ലെ മലേഷ്യ ഇസ്തിറാഹയില്‍ നടന്നു. കക്ഷി രാഷ്ട്രീയ മത ചിന്തകള്‍ക്ക് അതീതമായി കഴിഞ്ഞ 17 വര്‍ഷമായി റിയാദിലും മലപ്പുറത്തുമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്ന റിമാലിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് പൊന്മള വിശദീകരിച്ചു.
ജീവകാരുണ്യ രംഗത്ത് റിമാല്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഇബ്രാഹിം തറയില്‍ വിശദീകരിച്ചു. നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ റിമാലിന്റെ പുതിയ കാല്‍വെപ്പായി, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം കോട്ടപ്പടിയില്‍ ആരംഭിച്ച സൗജന്യ ഡ്രസ്സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കാന്‍സര്‍, കിഡ്‌നി, നിത്യ കിടപ്പുരോഗികള്‍ എന്നിവരില്‍ നിന്ന് ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അത്യാവശ്യ മരുന്നുകള്‍ മറ്റു സാമ്പത്തിക സഹായങ്ങള്‍ എന്നിവ നല്‍കി വരുന്ന റിമാല്‍ സാന്ത്വനം എന്നീ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും ഗൗരവവും വിശദീകരിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രവാസി സഹോദന്‍ അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിലേക്ക് ആവശ്യമായ ഫണ്ട് സമാഹരണത്തില്‍ റിമാല്‍ മെമ്പര്‍മാരുടെ വിഹിതം സ്വരൂപിച്ച് എത്തിച്ച് നല്‍കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
പുള്ളിയില്‍ അഹ്മദ് റുമൈസാന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ മൊഹിയുദ്ദീന്‍ മൈലപ്പുറം സ്വാഗതവും കണ്‍വീനര്‍ മുസമ്മില്‍ കാളമ്പാടി നന്ദിയും പറഞ്ഞു. ജാഫര്‍ കിളിയണ്ണി, സലാം വി.കെ, സൂജ പൂളക്കണ്ണി, ഷുക്കൂര്‍ പുള്ളിയില്‍, ബാപുട്ടി ഇരുമ്പുഴി, അസീസ് കോഡൂര്‍, സാജു മന്‍സൂര്‍, സലാഹുദ്ദീന്‍, ഹംസ മലപ്പുറം, നവാസ് നരിപ്പറ്റ, നൗഫല്‍ ബാവ, ഷബീര്‍ മേല്‍മുറി, ചെറിയാപ്പു, സമദ് മുണ്ടുപറമ്പ, ജാനിസ് പൊന്മള, ഉമ്മര്‍ പനമ്പുഴ, അസ്ഹര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group