റിയാദ്– വിദ്യാർത്ഥികളുടെ കലാ-വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രിസാലത്തുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ സമാപിച്ചു. അറിവും ആത്മീയതയും കോർത്തിണക്കിയ ഫെസ്റ്റ്, മദ്രസാ പഠനത്തോടൊപ്പമുള്ള വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മികച്ച വേദിയൊരുക്കി. 195 ആൺകുട്ടികളും 158 പെൺകുട്ടികളും ഉൾപ്പെടെ 350-ൽ അധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലെ ആൺ, പെൺ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബുർദ്ദ അലാപനം തുടങ്ങിയ ഇനങ്ങൾക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയൽ, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാർത്ഥന ഗീതം, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ വിദ്യാർത്ഥികളുടെ ബഹുമുഖ പ്രതിഭ തെളിയിക്കുന്നവയായിരുന്നു.
റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരം നടന്നത്. 200 പോയിന്റുകൾ നേടി റെഡ് ഹൗസ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 145 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും, 125 പോയിന്റ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും നേടി. പ്രവാസത്തിലെ പരിമിതികളെ അതിജയിക്കാൻ വിദ്യാർത്ഥികൾക്ക് കരുത്തു പകരുന്നതായിരുന്നു മദ്‌റസ ഫെസ്റ്റ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. അബ്ദുൽ സലാം വടകര, ഷൗക്കത്ത് സഅദി, അബ്ദുൽ റഹ്‌മാൻ സഖാഫി, സൈനുദ്ദീൻ കുനിയൽ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.



