- സൗദിയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍ -എന്നാക്കി മാറ്റുക
ജിദ്ദ – ലോകത്ത് പ്രവാസി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് നേരിട്ട് ഏറ്റവുമധികം പണമയക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണെന്ന് ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ല്‍ 3,840 കോടി ഡോളര്‍ (14,400 കോടി റിയാല്‍) ആണ് സൗദിയിലെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. അറബ് ലോകത്ത് പ്രവാസികള്‍ ഏറ്റവുമധികം പണമയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ലോകത്ത് പ്രവാസികള്‍ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയക്കുന്ന രാജ്യം അമേരിക്കയാണ്. അമേരിക്കയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 8,580 കോടി ഡോളര്‍ സ്വദേശങ്ങളിലേക്ക് അയച്ചു.
രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയിലെ പ്രവാസികള്‍ കഴിഞ്ഞ കൊല്ലം 3,850 കോടി ഡോളര്‍ സ്വദേശങ്ങളിലേക്ക് അയച്ചു. അറബ് ലോകത്ത് പ്രവാസികള്‍ ഏറ്റവുമധികം പണമയക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ ആണ്. പ്രവാസികളുടെ പണമയക്കലില്‍ കുവൈത്ത് ആഗോള തലത്തില്‍ പത്താം സ്ഥാനത്തും അറബ് ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്.
2022 നെ അപേക്ഷിച്ച് 2023 ല്‍ ഗള്‍ഫ് പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണം 13 ശതമാനം തോതില്‍ കുറഞ്ഞു. 2010 മുതല്‍ 2019 വരെയുള്ള കാലത്ത് നേരിയ ചാഞ്ചാട്ടങ്ങളോടെ ഗള്‍ഫ് പ്രവാസികളുടെ റെമിറ്റന്‍സ് ക്രമാനുഗതമായി വര്‍ധിച്ചുവന്നു. എന്നാല്‍ 2019 മുതല്‍ ഗള്‍ഫ് പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണം കുറയാന്‍ തുടങ്ങി.
ഗള്‍ഫില്‍ പ്രവാസികളുടെ റെമിറ്റന്‍സില്‍ യു.എ.ഇക്കും സൗദി അറേബ്യക്കും കുവൈത്തിനും പിന്നില്‍ നാലാം സ്ഥാനത്ത് ഖത്തറും അഞ്ചാം സ്ഥാനത്ത് ബഹ്‌റൈനുമാണ്. ഖത്തറിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 1,180 കോടി ഡോളറും ബഹ്‌റൈനിലെ വിദേശ തൊഴിലാളികള്‍ 270 കോടി ഡോളറും സ്വദേശങ്ങളിലേക്ക് അയച്ചു.
പ്രവാസി തൊഴിലാളികള്‍ വഴി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്ക് കഴിഞ്ഞ വര്‍ഷം 15 ശതമാനം തോതില്‍ കുറഞ്ഞ് 5,500 കോടി ഡോളറായി. പ്രവാസികള്‍ വഴി ഈജിപ്തിലേക്കുള്ള പണമൊഴുക്കിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. സൗദിയില്‍ 85 ലക്ഷത്തിലേറെ വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് പ്രവാസികള്‍ ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്കാണെന്നും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.