സ്പോൺസറും ജീവനക്കാരും തമ്മിലുള്ള മനോഹരമായ ബന്ധത്തെ പറ്റി പലപ്പോഴും നാം കേട്ടിട്ടുണ്ട്. രാജ്യാതിർത്തികൾ പോലും മായുന്ന തരത്തിലുള്ള ബന്ധങ്ങൾ അപൂർവ്വമാണെങ്കിലും ഖുൻഫുദയിൽനിന്നുള്ള മലയാളി പ്രവാസി പങ്കുവെക്കുന്നത് ഒരിക്കലും മറക്കാനാകാത്ത ഒരു ബന്ധത്തിന്റെ കഥയാണ്. ദ മലയാളം ന്യൂസ് ഖുൻഫുദ ലേഖകൻ കൂടിയായ ഫൈസൽ ജോർദ്ദാൻ സ്വദേശിയായ തന്റെ കഫീലുമായുള്ള ബന്ധം പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം അന്തരിച്ച കഫീലുമായുള്ള ബന്ധം പിതാവും മകനും പോലെ അതീവഹൃദ്യമായിരുന്നുവെന്ന് ഫൈസൽ ബാബു.
ഫൈസൽ ബാബുവിന്റെ വാക്കുകൾ..
ജോർദാനിലെ രണ്ടാമത്തെ സിറ്റിയായ അൽസർക്കയിലായിരുന്നു രണ്ട് മൂന്ന് ദിവസം. ഇവിടെ സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഉള്ളതിനാൽ ഒന്നും പോസ്റ്റ് ചെയ്യാൻ കഴിയുന്നാണ്ടിയിരുന്നില്ല. ഇരുപത്തി രണ്ടാം വയസ്സിൽ തുടങ്ങിയതാണ് എൻ്റെ പ്രവാസജീവിതം. അന്നുമുതൽ ഇന്നുവരെ, ഒരു പുത്രനെപ്പോലെ സ്നേഹിച്ച ഒരു പിതാവിനെ പോലെ ഞാൻ ബഹുമാനിച്ച എന്റെ ബോസിനെ അവസാനമായി ഒരു നോക്ക് കാണാനാണ് ഇവിടെ എത്തിയത്.
രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം അടുക്കളയിൽ തെന്നി വീണത്. മൂന്നുമാസത്തോളം ആശുപത്രിയിലും വീട്ടിലുമായി കിടന്നു. എൻ്റെ ഉപ്പയെ പോലെ ഞാൻ പരിചരിച്ചു. അവസാനം ജോർദാനിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്രയാക്കി. അതിനുശേഷം ആറോ ഏഴോ തവണ ഞാനിവിടെ വന്നിട്ടുണ്ട്. ഫലസ്തീനിയായ അദ്ദേഹത്തിൻ്റെയും ഇന്ത്യക്കാരനായ എൻ്റെയും ആത്മബന്ധം ആദ്യമൊക്കെ അവരുടെ കുടുംബങ്ങളിൽ വലിയ കൗതുകമായിരുന്നു.
പിന്നീട് എപ്പോഴാ ഞാനും അവരുടെ ഒരു കുടുംബാംഗത്തെ പോലെയായി. അത്രയും ബഹുമാനത്തോടെയും , ആദിത്യ മര്യാദയോടും കൂടിയായിരുന്നു ഓരോ വരവിലെയും അവരെന്നെ സ്വീകരിച്ചത്. ഇവിടെ വന്നാൽ രണ്ടോമൂന്നോ ദിവസം അദ്ദേഹത്തിന്റെ കൂടെ നിൽക്കും. അദ്ദേഹത്തിൻെ സ്വന്തം ഫ്ലാറ്റിൽ ഞങ്ങൾ രണ്ടു മൂന്നു ദിവസം ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും. ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും ചിലവിട്ട ഖുൻഫു ദയിലെ വിശേഷങ്ങൾ കേൾക്കാൻ വലിയ സന്തോഷമാണ്
യാത്ര പറയുമ്പോൾ കയ്യിൽ കുറച്ച് ദിനാർ തന്നു വിടും. കയ്യിൽ വച്ചോ തിരിച്ചു വരുന്ന സമയത്ത് ചിലപ്പോൾ നിനക്ക് ആവശ്യം വന്നാൽ റിയാൽ മാറ്റാൻ നിക്കണ്ട ഇത് ഉപയോഗിച്ചോ എന്ന വാക്കുമുണ്ടാകും കൂടെ. ഇവിടെ വന്നു കണ്ടു പോയാൽ ആറുമാസത്തിനുള്ളിൽ വീണ്ടും വിളിവരും. കാണാൻ കൊതിയാവുന്നുണ്ട്. ഒന്ന് കണ്ടിട്ട് പോ എന്ന് അങ്ങനെ നിരവധി തവണ വന്ന് പോയി.
കഴിഞ്ഞ മൂന്നാഴ്ച വരെ വളരെ ആരോഗ്യവാനായിരുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. തലകറക്കം അനുഭവപ്പെട്ട് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് ക്യാൻസറിന്റെ അവസാന സ്റ്റേജിലാണ് എന്ന് അറിഞ്ഞത്. പ്രായക്കൂടുതലുള്ളതിനാൽ ഇനിയൊന്നും ചെയ്യാനില്ല. എല്ലാം പെട്ടെന്ന് കഴിഞ്ഞതുപോലെ.
ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ സമയം എന്നെ വിളിച്ചു. എനിക്ക് മരിക്കുന്നതിനു മുമ്പ് നിന്നെ ഒന്ന് കാണണം. നീ ഒന്നു വാ.
പിന്നെ ഒന്നും നോക്കിയില്ല. ടിക്കറ്റ് എടുത്ത് ജോർദാനിൽ പോയി അദ്ദേഹത്തെ കണ്ടു തിരിച്ചുവന്നു. ഓരോ ദിവസവും അവസ്ഥ വളരെ മോശമായി വരുന്ന വാർത്തകൾ മാത്രമായിരുന്നു ജോർദാനിൽ നിന്ന് വന്നുകൊണ്ടിരുന്നത്.പതിയെ പതിയെ അദ്ദേഹം അബോധവസ്ഥയിലേക്ക് നീങ്ങി പിന്നീട് എപ്പോഴൊ ബോധം വന്നപ്പോൾ ആദ്യം ആവശ്യപെട്ടത് എന്നോട് സംസാരിക്കണം എന്നായിരുന്നെത്ര. രണ്ടുമൂന്നു മിനിറ്റ് സംസാരിച്ചു മക്കളെ നല്ലോണം നോക്കണമെന്ന് ഉപദേശിച്ചു. വിവരങ്ങൾ അന്വേഷിച്ചു. നീ ഇനി എന്നാണ് വരിക. ഒരാഴ്ചമുമ്പ് കണ്ട് വന്നതിനാൽ ഒരാശ്വാസത്തിന് വേണ്ടി പറഞ്ഞു. വ്യാഴാഴ്ച്ചക്ക് മുമ്പ് വരാമെന്ന്, ഓക്കേ എന്തായാലും വരണം , സലാം. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മയക്കത്തിലായി. പിന്നീട് അതിൽ നിന്ന് ഉണർന്നില്ല.
അന്ത്യകൾമ്മങ്ങളിൽ ഞാനുണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അവസാനമായി കണ്ടപ്പോൾ ഞങ്ങൾ ഹൃദയം കൊണ്ട് സംസാരിച്ചതതാണ്. ജോർദ്ദാനിലെ ഒരു പാട് ചരിത്രങ്ങൾ ഉറങ്ങുന്ന ഈ ഭൂമിയിൽ എപ്പോഴെങ്കിലും തിരികെ വരണം. അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറയിൽ ഒരിത്തിരി നേരം ശാന്തമായിരുന്ന് അദ്ദേഹത്തിനായി പ്രാർത്ഥിക്കണം.
തിരികെ വരുമ്പോൾ കുടുംബത്തിൻ്റെ കണ്ണു നിറച്ചുള്ള വാക്കുകൾ. ഈ വീട് നിങ്ങളുടേത് കൂടിയാണ്, എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം. ഈ വാതിൽ നിങ്ങൾക്കായി എന്നും തുറന്ന് കിടക്കും..