പ്രാർത്ഥനകളും പ്രവർത്തനങ്ങളുമായിരുന്നു അകവും പുറവും നിറയെ. രണ്ടും ഒന്നായി ചേർന്ന് ഒരൊറ്റ ലക്ഷ്യത്തിലേക്ക് ചുവടുവെച്ചപ്പോൾ മരണത്തിന്റെ തുരുത്തിൽനിന്ന് റഹീം തിരിച്ചെത്തുന്നത് ജീവിതത്തിന്റെ തീരത്തിലേക്ക്. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിൽനിന്ന് ലക്ഷകണക്കിന് മനുഷ്യരുടെ കൈ സഹായത്തിൽനിന്ന് വിരിഞ്ഞത് 34 കോടിയെന്ന നന്മ. റഹീമിന്റെ ഉമ്മയുടെ കണ്ണീർ വറ്റിച്ചെടുക്കാൻ പാകത്തിലുള്ള നന്മയിലേക്ക് ഓരോ മനുഷ്യനും സഹായക്കൈ നീട്ടി.
പതിനാറ് വർഷത്തോളം സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് നിയമനടപടികൾ പൂർത്തിയാക്കിയാൽ അധികം വൈകാതെ പുറത്തിറങ്ങാം. നാട്ടിൽ കാത്തിരിക്കുന്ന ഉമ്മയുടെ മാറത്തണയാം.
റഹീമിന്റെ മോചനത്തിന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേകം എക്കൗണ്ടുണ്ടാക്കി കൈമാറുമെന്ന് റഹീം സഹായ സമതിക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങാട്ട് ദ മലയാളം ന്യൂസിനോട് പറഞ്ഞു. അബ്ദുൽ റഹീമിനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട ദിയാധനം(മോചനദ്രവ്യം) ഔദ്യോഗികമായി കൈമാറിയാൽ മോചനത്തിന് പിന്നീട് തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപപ്പെടുത്തിയ ആപ്പ് വഴി മുപ്പത് കോടിയിലേറെ രൂപയാണ് ഇന്ന്(വെള്ളി)ഉച്ചയോടെ പിരിച്ചെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇനിയും തുക ലഭിക്കാനുണ്ട്. എല്ലാം ഓഡിറ്റ് ചെയ്യുന്നതിനും റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക മാത്രം സ്വരൂപിച്ചാൽ മതിയെന്നുമുള്ള കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. ഓഡിറ്റ് ചെയ്തതിന് ശേഷം ഇനിയും തുക ആവശ്യമുണ്ടെങ്കിൽ മാത്രമേ ആപ്പ് വഴി വീണ്ടും സംഭാവന സ്വീകരിക്കൽ തുടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
റഹീമിന്റെ മോചനത്തിന് വേണ്ടി ഏറെ ഒത്തൊരുമയോടെയാണ് മലയാളി സമൂഹം രംഗത്തിറങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഈ ഉദ്യമത്തിൽ പങ്കാളികളായി. ഇന്ന് (വെള്ളി)പകൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും തെരുവുകളിലുമെല്ലാം പിരിവ് നടന്നു. ഇതേസമയം തന്നെ ആപ്പിൽ ഓരോ നിമിഷവും റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പണത്തിന്റെ ഒഴുക്ക് തുടരുകയും ചെയ്തു. ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടം മലയാളി സമൂഹത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കനിവിന്റെ വറ്റാത്ത ഉറവയുള്ള ദേശമായി കേരളം വാഴ്ത്തപ്പെടും. ആ കനിവിന്റെ തീരത്തെ മനുഷ്യരായി നാം അറിയപ്പെടും.