ദോഹ : റിയാദിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ ഇന്ന് നടന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളും, അവരുടെ പൊതു താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനായി അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും നേതാക്കൾ ചർച്ച ചെയ്തു. ഉച്ചകോടിയുടെ അജണ്ടയിലെ മേഖലാ, അന്തർദേശീയ സംഭവവികാസങ്ങളും വിഷയങ്ങളും അവർ അവലോകനം ചെയ്തു .
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയും അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സൗദി പ്രതിരോധ മന്ത്രി രാജകുമാരൻ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന്റെ തുടക്കത്തിൽ, സൗദി രാജാവും ഇരുഹറമുകളുടെ സംരക്ഷകനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ഖത്തർ അമീർ ആശംസകൾ നേരുകയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു . സൗദി രാജാവും ഖത്തർ അമീറിനും ജനതക്കും ആശംസകൾ നേരുകയും അഭിവ്യദ്ധിക്കായി പ്രാർത്ഥിക്കുകയും ചെയ്തു .