ദമാം– ലോക രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്ലോബല്‍ സിറ്റി പദ്ധതി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഡിസംബര്‍ 29 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. പദ്ധതി സവിശേഷമായ ടൂറിസ്റ്റ്, വിനോദ കേന്ദ്രമാണെന്ന് കിഴക്കന്‍ പ്രവിശ്യാ മേയര്‍ ഫഹദ് അല്‍ജുബൈര്‍ പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ ടൂറിസം, വിനോദം, നിക്ഷേപം എന്നിവയെ പിന്തുണക്കുന്ന ഉയര്‍ന്ന നിലവാരമുള്ള പദ്ധതികളില്‍ ഒന്നാണിത്. ഗ്ലോബല്‍ സിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ, ഫഹദ് അല്‍ജുബൈര്‍ പവലിയനുകളുടെയും സൗകര്യങ്ങളുടെയും തയ്യാറെടുപ്പും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുടെ പുരോഗതിയും പരിശോധിച്ചു. ഗള്‍ഫ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പതിനഞ്ച് പവലിയനുകള്‍ ഗ്ലോബല്‍ സിറ്റിയില്‍ ഇതിനകം പൂര്‍ത്തിയായി.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 2,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. വിനോദസഞ്ചാര, സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൃത്രിമ തടാകവും 7,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തിയേറ്ററും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. 10,000 സന്ദര്‍ശകര്‍ വരെയായി വികസിപ്പിക്കാന്‍ കഴിയുന്ന തിയേറ്റര്‍ തത്സമയ പ്രകടനങ്ങള്‍ക്കും പ്രധാന പരിപാടികള്‍ക്കുമുള്ള മുഖ്യവേദിയാണ്.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന, കോസ്‌മോപൊളിറ്റന്‍ സ്വഭാവം ഗ്ലോബല്‍ സിറ്റി പദ്ധതിയുടെ സവിശേഷതയാണ്. ഓരോ രാജ്യത്തിന്റെയും സവിശേഷമായ വാസ്തുവിദ്യാ രൂപകല്‍പ്പന, പാചകരീതി, ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന പവലിയനുകള്‍ സന്ദര്‍ശകര്‍ക്ക് വിനോദം, സംസ്‌കാരം, വൈവിധ്യം എന്നിവ സമന്വയിപ്പിക്കുന്ന അനുഭവം നല്‍കുന്നു. ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ആധുനിക അമ്യൂസ്മെന്റ് പാര്‍ക്ക്, വൈവിധ്യമാര്‍ന്ന റെസ്റ്റോറന്റുകള്‍, സൗകര്യങ്ങള്‍, നടപ്പാതകള്‍ എന്നിവയും പദ്ധതിയില്‍ അടങ്ങിട്ടുണ്ട്.
കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്റെയും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ബന്ദര്‍ രാജകുമാരന്റെയും പിന്തുണയോടെയും നഗരസഭ, ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിന്റെ മേല്‍നോട്ടത്തിലും കിഴക്കന്‍ പ്രവിശ്യയിലെ ദ്രുത നിക്ഷേപ പ്രവര്‍ത്തനങ്ങളെ പദ്ധതി പ്രതിഫലിപ്പിക്കുന്നു. നഗരസഭ തങ്ങളുടെ നിക്ഷേപ ആസ്തികളില്‍ 95 ശതമാനത്തിലധികവും പ്രയോജനപ്പെടുത്തിയതും ഈ പദ്ധതിയിലാണ്. ഇവ 30 ബില്യണ്‍ റിയാലില്‍ കൂടുതല്‍ ചെലവ് വരുന്ന പദ്ധതികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പ്രവിശ്യയിലെ നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതികള്‍ സഹായിക്കുന്നു.
ഡിജിറ്റല്‍ പോര്‍ട്ടലായ ഫുറസ് വഴി കിഴക്കന്‍ പ്രവിശ്യയില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോടും സംരംഭകരോടും ഫഹദ് അല്‍ജുബൈര്‍ ആഹ്വാനം ചെയ്തു. നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള നഗരസഭയുടെ പങ്ക് മേയര്‍ വ്യക്തമാക്കി.



