- അപൂര്‍വഭാഗ്യമെന്ന് സൗദി ഗായകന്‍ ‘ദ മലയാളം ന്യൂസി’ നോട്
ജിദ്ദ: 2025 ഏപ്രില്‍ 22-ന് ജിദ്ദയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒരു അവിസ്മരണീയ ദിനം! ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യാന്‍ ഒത്തുചേര്‍ന്ന ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഒരു സൗദി ഗായകന്‍ താരമായി-ഹാഷിം അബ്ബാസ്! മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ആലിയ ഭട്ട്-വിക്കി കൗശല്‍ ചിത്രമായ റാസിയിലെ പ്രശസ്ത ഗാനം ‘ഏ വതന്‍ മേരേ അബാദ് രഹേ തൂ…’ ഹാഷിമിന്റെ മനോഹര ശബ്ദത്തില്‍ മുഴങ്ങിയപ്പോള്‍, പ്രധാനമന്ത്രി മോഡി തന്നെ ഒപ്പം പാടുകയും കൈയടിക്കുകയും ചെയ്തു. ”പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യാനും, അദ്ദേഹത്തിന്റെ മുന്നില്‍ ഹിന്ദി ഗാനം ആലപിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ അപൂര്‍വ ഭാഗ്യം,” ഹാഷിം ‘ദ മലയാളം ന്യൂസി’നോട് ഹൃദയം തുറന്നു. ആ കൂടിക്കാഴ്ചയുടെ ആവേശം ഇപ്പോഴും ഹാഷിമിനെ വിട്ടുമാറിയിട്ടില്ല!
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹാസയില്‍ ജനിച്ച ഹാഷിം അബ്ബാസിന് കേരളം രണ്ടാം വീടാണ്. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റ സമയത്ത്, തെക്കേ ഗോപുരനടയില്‍ അറബ് വേഷത്തില്‍ നിന്ന് പൂരാഘോഷം ആസ്വദിച്ച ഹാഷിം, മലയാളികള്‍ക്ക് വലിയ ആകര്‍ഷണമായിരുന്നു. ”പൂവിളി പൂവിളി പൊന്നോണമായി…” എന്ന് പാടി കഴിഞ്ഞ ഓണക്കാലത്തും ഹാഷിം കേരളത്തില്‍ തിളങ്ങി. അന്ന് ഒരു സൗദി പൗരന്‍ കൊണ്ടോട്ടിയില്‍ മാവേലി വേഷം കെട്ടി ഓണം ആഘോഷിച്ചിരുന്നു.
നടന്‍ മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍, അദ്ദേഹത്തിന്റെ അമ്മ വിജയകുമാരി (നാടകാചാര്യന്‍ ഒ. മാധവന്റെ ജീവിതസഖി) യോടൊപ്പം പഴയ മലയാള ഗാനങ്ങള്‍ ആലപിച്ച വീഡിയോ ഹാഷിം പോസ്റ്റ് ചെയ്തിരുന്നു, അത് വൈറലായി! സൗദിയിലെ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ഓണവും വിഷുവും ആഘോഷിക്കുന്ന ഹാഷിം, എവിടെയായാലും മലയാള ഗാനങ്ങളിലൂടെ കേരളത്തിന്റെ സ്‌നേഹം പാടി നടക്കുന്നു. ”കേരളത്തിന്റെ പ്രകൃതി ഭംഗിയും മലയാളികളുടെ ആതിഥ്യ മര്യാദയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഓരോ കേരള യാത്രയും എനിക്ക് മനോഹര ഓര്‍മകള്‍ സമ്മാനിക്കുന്നു,” ഹാഷിം പറയുന്നു.
റിയാദിലെ മലയാളി സൗഹൃദങ്ങളാണ് ഹാഷിമിനെ മലയാള ഗാനങ്ങളിലേക്ക് ആകര്‍ഷിച്ചത്. 2017-ല്‍ ഒരു ആന്ധ്രക്കാരനായ സഹപ്രവര്‍ത്തകന്‍ ‘ജിമിക്കിക്കമ്മല്‍’ എന്ന ഗാനം കേള്‍പ്പിച്ചതോടെ, ഹാഷിം അതിന്റെ വരികളും ഈണവും ഹൃദിസ്ഥമാക്കി. മലയാളി സുഹൃത്തുക്കള്‍ക്കിടയില്‍ പാടി കേള്‍പ്പിച്ചപ്പോള്‍, ഉച്ചാരണ വൈകല്യങ്ങള്‍ പെട്ടെന്ന് ശരിയാക്കി, ആ ഗാനം വൈറലായി! ‘ചാലക്കുടി ചന്തയിലെ…’, ‘ഓടണ്ടാ ഓടണ്ടാ ഓടിത്തളരേണ്ട’, ‘മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക…’ തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ഉച്ചാരണ ശുദ്ധിയോടെ ആലപിച്ച് ഹാഷിം മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി. കഴിഞ്ഞ അര വ്യാഴവട്ടത്തിനിടെ, ഹാഷിം 200-ലധികം മലയാള ഗാനങ്ങള്‍ സൗദിയിലും ഗള്‍ഫ് രാജ്യങ്ങളിലെ വേദികളിലും ആലപിച്ചു. ഓഡിയോ-വീഡിയോ ആല്‍ബങ്ങളിലൂടെ അവ പ്രേക്ഷകരിലെത്തിച്ചു. ‘ജിമിക്കിക്കമ്മല്‍’ പാട്ടിനൊപ്പം നൃത്തം ചെയ്ത് വേദികള്‍ കീഴടക്കിയ ഹാഷിം, റിയാദില്‍ കെ.എസ്. ചിത്രയോടൊപ്പം പാടിയത് അവിസ്മരണീയ നിമിഷമായി പറയുന്നു. ചിത്ര, ഈ അറബ് ഗായകനോട് വലിയ ആദരവോടെയാണ് സൗഹൃദം പങ്കിട്ടത്.

ഹാഷിമിന്റെ കഴിവുകള്‍ സിനിമയിലേക്കും വഴി തുറന്നു. മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന ‘കൊണ്ടോട്ടിപ്പൂരം’ എന്ന മൂവി ഡ്രാമയില്‍ ഹാഷിം നായകനാണ്. മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്ന ഈ സിനിമയില്‍, ഒരു യു.എ.ഇ. പൗരന്‍ മലയാളി യുവതിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് കഥ. ഈ വേഷത്തിനായി ഹാഷിം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏറെ നാള്‍ സഞ്ചരിച്ചു. ഈ സിനിമയോടെ ഹാഷിം മലയാളികളുടെ സഹൃദയ ലോകത്ത് കൂടുതല്‍ ഇടം നേടി. ഹാഷിമിന്റെ മലയാള ഗാനങ്ങളോടുള്ള ആവേശം അതിശയിപ്പിക്കുന്നതാണ്. ഷബീബ് അബ്ദുറഹ്‌മാന്‍ എന്ന മലയാളി സുഹൃത്തില്‍ നിന്ന് മലയാള അക്ഷരങ്ങള്‍ പഠിച്ച്, വെറും മൂന്ന് ദിവസം കൊണ്ട് ഒരു പാട്ട് ഹൃദിസ്ഥമാക്കാന്‍ ഹാഷിമിന് കഴിഞ്ഞു. ഓണപ്പാട്ടുകളിലൂടെ ഹാഷിം തന്റെ സാന്നിധ്യം അറിയിക്കുന്നു.
സൗദിയിലെ മലയാളി പ്രവാസികളുടെ പ്രിയ ഗായകനായി ഹാഷിം വളരെ വേഗം മാറി. അവരോടൊപ്പം ഓണവും വിഷുവും ആഘോഷിക്കുകയും, മലയാള ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന ഹാഷിം, സൗദി മലയാളികളുടെ സ്‌നേഹവും വിരുന്നും തന്റെ കേരള ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നു. ഹാഷിം അബ്ബാസ് ഒരു സൗദി ഗായകന്‍ മാത്രമല്ല, മലയാളത്തിന്റെ സ്വന്തം മകനാണ്. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതി ഭംഗിയും മലയാളികളുടെ സ്‌നേഹവും അവനെ എപ്പോഴും കേരളത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു ഗാനത്തിലൂടെ ലോകത്തിന്റെ ഹൃദയം കവരുന്ന ഈ അറബ് ഗായകന്‍, മലയാളത്തിന്റെ മനോഹര ഈണങ്ങളിലൂടെ കേരളത്തിന്റെ സ്‌നേഹം ലോകമെങ്ങും പാടി നടക്കുന്നു!