റിയാദ്- സൗദി അറേബ്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു ദശകം പിന്നിടുന്നതിനോടനുബന്ധിച്ച് ആറു മാസത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവാസി വെല്‍ഫയര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക ജീവകാരുണ്യമേഖലയില്‍ പ്രവാസികള്‍ക്ക് നവോന്മേഷം നല്‍കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ മുഴുവന്‍ മലയാളി സമൂഹത്തിലും എത്തിക്കുന്നതിന് വൈവിധ്യപരിപാടികള്‍ നടത്തുക, വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചവരെ ആദരിക്കുക, പ്രവാസി കേന്ദ്രങ്ങളില്‍ 10 സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പ്രവാസി മലയാളികളുടെ പ്രൊഫഷണല്‍ മീറ്റുകള്‍ സംഘടിപ്പിക്കുക, ‘പ്രവാസി വെല്‍ഫെയര്‍ 10 സേവന വര്‍ഷങ്ങള്‍’ ഡോക്യൂമെന്ററി പുറത്തിറക്കുക, പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ‘ജനകീയ സഭ’ വിളിച്ചു ചേര്‍ക്കുക, യുവ സംരംഭകരുടെ സംഗമം വിളിച്ചു ചേര്‍ക്കുക, നാഷണല്‍ ലെവലില്‍ ലീഗല്‍ സെല്‍ രൂപീകരിക്കുക, പ്രയാസമനുഭവിക്കുന്ന 10 പേര്‍ക്ക് എയര്‍ ടിക്കറ്റുകള്‍ നല്‍കുക, വനിതകള്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ജോബ് സെല്ലുകള്‍ ഉണ്ടാക്കുക, സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രവാസി വനിതകള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആറുമാസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘പ്രവാസി സാംസ്‌കാരിക വേദി’ എന്ന പേരില്‍ 2014ല്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടന ‘പ്രവാസി വെല്‍ഫെയര്‍’ എന്ന നാമകരണത്തില്‍ ഒരു ദശകം പിന്നിടുകയാണ്. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ സമൂഹ മധ്യത്തില്‍ ഉന്നയിക്കുവാനും സാധ്യമാകുന്ന രീതിയില്‍ പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുമായിരുന്നു ഇതിന്റെ പിറവി. ഒപ്പം അവരുടെ കലാ, സാംസ്‌കാരിക, കായിക രംഗത്തെ ഉന്നമനവും പ്രവാസത്തിന്റെ ഫലപ്രദമായ അതിജീവനവും സംഘടന ലക്ഷ്യം വെച്ചു. ആശാവഹമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടത്താന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കുമ്പോള്‍ തന്നെ ബഹുദൂരം മുന്നേറുവാനുണ്ടെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുന്നു.
ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ഹോം, ജില്ലകള്‍ കേന്ദ്രമാക്കി ആംബുലന്‍സ്, കുടിവെള്ള പദ്ധതികള്‍, യാത്രാ സഹായമായി എയര്‍ ടിക്കറ്റുകള്‍, പ്രശ്‌നങ്ങളില്‍ അകപ്പെട്ടവര്‍ക്ക് നിയമ സഹായം, തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സേവനങ്ങള്‍, മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചത്, കോവിഡ് കാലത്തെ പ്രത്യേക സഹായങ്ങള്‍, ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കല്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്താന്‍ സംഘടനക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. കൂടാതെ പ്രവാസികളില്‍ രാഷ്ട്രീയമായ അവബോധവും പ്രതികരണ ശേഷിയും വളര്‍ത്തുവാന്‍ നിരന്തരമായ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ ക്യാമ്പുകള്‍, കലാ, സാഹിത്യ ചര്‍ച്ചകള്‍, ശില്‍പശാലകള്‍ എന്നിവയും നടത്തിവരുന്നു. പ്രവാസി യുവത്വത്തിന്റെ കായിക സര്‍ഗാത്മക ശേഷി നിലനിര്‍ത്തുവാന്‍ ക്ലബ്ബുകള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുട്‌ബോളിലും ക്രിക്കറ്റിലും നിരവധി ട്രോഫികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. വനിതകളുടെ സാമൂഹിക ഇടപെടലുകള്‍ ശക്തമാക്കുന്ന പരിപാടികള്‍ക്ക് പുറമെ ഓണം, ക്രിസ്തുമസ്, ഇഫ്താര്‍, പെരുന്നാള്‍ പരിപാടികളുമായി സാംസ്‌കാരിക രംഗത്തും പ്രവാസി വെല്‍ഫെയര്‍ സജീവമാണ്.
പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ്, സെന്‍ട്രല്‍ പ്രോവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, സെന്‍ട്രല്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, നാഷണല്‍ കമ്മിറ്റിയംഗം അഷ്‌റഫ് കൊടിഞ്ഞി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group