ജിസാൻ: വിവിധ രംഗങ്ങളിലെ പ്രവാസി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സ്രഷ്ടിക്കുന്നതിനുമായി ആർ.എസ്.സി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് സൗദി വെസ്റ്റ് ദേശീയ പ്രവാസി സാഹിത്യോത്സവം ജിസാനിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് കല്ലായി, സിറാജ് കുറ്റ്യാടി, താഹ കിണാശേരി, നിയാസ് കാക്കൂർ എന്നിവർ അറിയിച്ചു. ഈ മാസം മാസം 11 മുതൽ നവംബർ എട്ടു വരെയാണ് സാഹിത്യോത്സവ് നടത്തുന്നത്. സാഹിത്യോസവിൽ 8 വിഭാഗങ്ങളിലായി 99 കലാ-സാഹിത്യ-വൈജ്ഞാനിക ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മുവായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കും.
സാഹിത്യോത്സവ് വിപുലമായ രീതിയിൽ നടത്തുന്നതിനായി ജിസാനിൽ നടന്ന സംഘാടക സമിതി യോഗം ഐ.സി.എഫ് സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്‌തു. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സയ്യിദ് ഹബീബ് കോയ തങ്ങൾ, മുജീബ് എ.ആർ.നഗർ, മുസ്തഫ സഅദി, അബ്ദുറഹ്മാൻ ഹാജി, അലി കാക്കു, അബ്ദുല്ല സുഹ്രി, മുഹമ്മദ് ഇർഫാൻ എന്നിവർ അംഗങ്ങളായ ഉപദേശക സമിതിയും 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ഹാരിസ് കല്ലായി(ചെയർമാൻ), താഹ കിണാശേരി, വെന്നിയൂർ ദേവൻ, ഷംസു പൂക്കോട്ടൂർ (വൈസ് ചെയർമന്മാർ), സിറാജ് കുറ്റ്യാടി (ജനറൽ കൺവീനർ), അബ്ദുൽ ജലീൽ വാഴയൂർ, അഫ്സൽ സഖാഫി, സലീം സബിയ(ജോയിൻറ് .കൺവീനർമാർ), മുഹമ്മദ് കീഴ്പറമ്പ് (ഫിനാൻസ്), നിയാസ് കാക്കൂർ (മീഡിയ), മുഹമ്മദ് സ്വാലിഹ് (റിസപ്ഷൻ), അഷറഫ് കുഞ്ഞുട്ടി (ഭക്ഷണം), നൗഫൽ വള്ളിക്കുന്ന് (സ്റ്റേജ്,സൗണ്ട്), നൗഫൽ മമ്പാട് (വളണ്ടിയർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.
മൂന്നു വയസു മുതൽ മുപ്പതു വയസു വരെയുള്ള പ്രവാസി യുവതി യുവാക്കൾക്ക് സാഹിത്യോത്സവ് മത്സരപരിപാടികളിൽ പങ്കെടുക്കാം. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, കാമ്പസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. പ്രവാസി യുവാക്കളുടെ സർഗാത്മകവും കലാപരവുമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് സാഹിത്യോത്സവിന്റെ പ്രധാന ലക്ഷ്യം. സമ്മിശ്ര സാംസ്കാരിക അന്തരീക്ഷത്തിൽ കഴിയുന്നതിലൂടെ പ്രവാസം രൂപപ്പെടുത്തിയെടുത്ത വിശാല മാനവികബോധത്തെ ഉദ്ദീപിപ്പിക്കുകയാണ് സാഹിത്യോത്സവിൻറെ സന്ദേശം. പ്രാദേശിക തലം മുതൽ ദേശീയ തലം വരെ പ്രവാസികൾ സംഘാടകരാകുന്ന ജനകീയ വേദികളാണ് സാഹിത്യോത്സവുകൾ. മാനവീയമായ സാംസ്കാരിക ചിന്തകളും സർഗാത്മക വിചാരങ്ങളും സംവാദങ്ങളിലൂടെ യുവാക്കളിൽ എത്തിക്കുന്നതിനും രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുന്നതിനും തുടർച്ചയായ സർഗ്ഗ സംഗമങ്ങളും പരിപാടികളും കലാലയം സംഘടിപ്പിച്ചു വരുന്നു.
അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാൻ, അൽബാഹ തുടങ്ങിയ പത്ത് സോണുകളിൽ നിന്നുള്ള മത്സരാർത്ഥികളിൽ പ്രാദേശിക യൂനിറ്റ് തലം മുതൽ സെക്ടർ, സോൺ ഘട്ടങ്ങളിലായി മൽസരിച്ച് ഒന്നാം സ്ഥാനം നേടുന്നവരാണ് നവംബർ എട്ടിന് ജിസാനിൽ നടക്കുന്ന സൗദി നാഷണൽ സാഹിത്യോത്സവിൽ മാറ്റുരയ്ക്കുന്നത്. സീനിയർ വിഭാഗത്തിന് നശീദയും കാമ്പസ് ജനറൽ വിഭാഗത്തിന് കൊളാഷ് മത്സരവുമാണ് ഇത്തവണത്തെ പുതിയ ഇനങ്ങൾ. സാഹിത്യോത്സവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0536854746, 0537069486 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..