ദമാം – കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹഫർ അൽബാത്തിനിൽ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വ്യക്തമാക്കി. കുടുംബ കലഹത്തിൽ നിന്നാണ് സംഭവം ഉണ്ടായത്. സുരക്ഷാ വകുപ്പുകൾ ഉടൻ തന്നെ സംഭവത്തിൽ ഇടപെടുകയും രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സൈബർ ക്രൈം നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ ഇയാൾക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങളും പൊതു സുരക്ഷക്ക് ഹാനികരവുമാകാൻ സാധ്യതയുള്ളതിനാൽ, കൃത്യത പാലിക്കേണ്ടതിന്റെയും വിശ്വസനീയമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും കിഴക്കൻ പ്രവിശ്യ പോലീസ് ആവശ്യപ്പെട്ടു.



