ജിദ്ദ– ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി ‘ബഹുസ്വരത, നീതി, സമാധാനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ത്രൈമാസ ക്യാമ്പയിന്റെ ജിദ്ദ ഏരിയ തല ഉദ്ഘാടന സെമിനാറിലാണ് സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രതിനിധികൾ പങ്കെടുത്ത് നിലപാടുകൾ വ്യക്തമാക്കിയത്.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി ഉത്ഘാടനം നിർവഹിച്ചു. വ്യത്യസ്ത സ്വരങ്ങളെ ഉൾകൊള്ളുകയും വിവേചന രഹിതമായി എല്ലാവർക്കും നീതി ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിൽ മാത്രമേ സമാധാനം നിലനിൽകൂ. മനുഷ്യ വംശങ്ങളുടെ ചരിത്രം അതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. തന്റെ ശരിയെ മറ്റുള്ള എല്ലാവരും അംഗീകരിക്കണം എന്ന വാദം തെറ്റാണ്. സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നവർക്കെതിരെ കൈകോർക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്യാമ്പയിൻ നാഷണൽ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ബഹുസ്വരതയെ തകർക്കുന്ന വാർത്തകളാണ് വിദ്യാലയങ്ങളിൽ നിന്ന് പോലും നമ്മൾ കേട്ടു കൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ ബഹുസ്വരത, നീതി, സമാധാനം എന്ന പ്രമേയത്തിന് പ്രസക്തി വർദ്ധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു..
പരസ്പരം അറിഞ്ഞും സ്നേഹിച്ചും സഹിഷ്ണുതയോടെ ജീവിക്കുന്ന “നാനാത്വത്തിൽ ഏകത്വം” എന്ന മഹിതമായ സന്ദേശത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ദൈവിക സൃഷ്ടിയുടെ സൗന്ദര്യമായ ‘വൈവിധ്യം’ അകലം സൃഷ്ടിക്കാനുള്ളതല്ല, മറിച്ച് പരസ്പരം പരിചയപ്പെടാനും മനസ്സിലാക്കാനും ഉള്ളതാണെന്ന് നാം തിരിച്ചറിയണം. വൈവിധ്യമാണ് ബഹുസ്വരതയെ മനോഹരമാക്കുന്നത്; പാരസ്പര്യമാണ് അതിന് സൗരഭ്യം നൽകുന്നത്. പ്രമേയം വിശദീകരിച്ച് കൊണ്ട് സംസാരിച്ച ഇസ്ലാഹി സെന്റർ പ്രബോധകൻ മുസ്തഫ മൗലവി അകമ്പാടം പറഞ്ഞു.
മനുഷ്യരാശിയെ നന്മയിലേക്ക് നയിച്ച എല്ലാ പ്രവാചകന്മാരും ബഹുസ്വര സമൂഹങ്ങളിലേക്കാണ് നിയോഗിക്കപ്പെട്ടത്. ഓരോ സഹോദരനെയും അവൻ്റെ വിശ്വാസത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ആദരിക്കണമെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നീതി നിഷേധവും ഭരണകൂടങ്ങളുടെ ജീർണാവസ്ഥയും അരാഷ്ട്രീയതയുടെ വിത്തുവിതറാൻ കാരണമാകുമ്പോൾ, അതിന്റെ ഫലമായി അരാജകത്വവും തീവ്രവാദവും വളരാനുള്ള സാഹചര്യം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും പരസ്പര ആദരവോടെ വർഗീയ ശക്തികൾക്കെതിരെ ഒരുമിച്ചു മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി കെ.എം.സി.സി സിക്രട്ടറി നാസർ വെളിയങ്കോട് , ഒ. ഐ. സി. സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍, നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവർ സംസാരിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മറ്റി ജനറൽ സിക്രട്ടറി ജരീർ വേങ്ങര സ്വാഗതവും, ഷക്കീൽ ബാബു നന്ദിയും പറഞ്ഞു.