ജിദ്ദ – ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണപ്പെട്ട കാര്യം സ്ഥിരീകരിച്ചതോടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ന്ന് 18 രാഷ്ട്ര നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ അറബ് പ്രസിഡന്റ് ആയിരുന്നു. ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ആണ് ഇത്. 1966 ഏപ്രില്‍ 13 ന് വിമാനം തകര്‍ന്നാണ് അബ്ദുസ്സലാം ആരിഫ് മരണപ്പെട്ടത്.
വിമാനം തകര്‍ന്ന് മരിച്ച പ്രസിഡന്റുമാരില്‍ പ്രധാനികളില്‍ ഒരാളാണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് സിയാവുല്‍ഹഖ്. 1988 ഓഗസ്റ്റ് 17 ന് ആണ് സിയാവുല്‍ഹഖ് മരണപ്പെട്ടത്. മുന്‍ യു.എന്‍ സെക്രട്ടറി ജനറലും സ്വീഡിഷ് പൗരനുമായ ഡാഗ് ഹാമര്‍ഷോള്‍ഡ് ആണ് മറ്റൊരു പ്രമുഖന്‍. 1961 സെപ്റ്റംബര്‍ 18 ന് സാംബിയയിലുണ്ടായ വിമാന ദുരന്തത്തിലാണ് നോബേല്‍ സമ്മാനം നേടിയ ആദ്യ യു.എന്‍ സെക്രട്ടറി ജനറലായ ഡാഗ് ഹാമര്‍ഷോള്‍ഡ് മരണപ്പെട്ടത്.
മുന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് രമണ്‍ മഗ്‌സസെ (1957 മാര്‍ച്ച് 17), മുന്‍ ബ്രസീല്‍ പ്രസിഡന്റ് നീരിയു റാമോസ് (1958 ജൂണ്‍ 16), ബ്രസീല്‍ പ്രസിഡന്റ് ഹംബര്‍ട്ടോ ഡി അലന്‍കാര്‍ കാസ്റ്റിലൊ ബ്രാങ്കോ (1967 ജൂലൈ 18), ബൊളീവിയ പ്രസിഡന്റ് റനെ ബാരിന്റോസ് (1969 ഏപ്രില്‍ 27), ഇക്വഡോര്‍ പ്രസിഡന്റ് ഖൈമി റോള്‍ഡോസ് അഗ്വിലീറ (1981 മെയ് 24), മൊസാംബിക് പ്രസിഡന്റ് സമൊറ മാഷില്‍ (1986 ഒക്‌ടോബര്‍ 19), റുവാണ്ട പ്രസിഡന്റ് ജുവനല്‍ ഹബിയാരിമാന (1994 ഏപ്രില്‍ 6), ബുറുണ്ടി പ്രസിഡന്റ് സൈപ്രിയന്‍ നതാര്യമിര (1994 ഏപ്രില്‍ 6), നോര്‍ത്ത് മാസിഡോണിയ പ്രസിഡന്റ് ബോറിസ് ട്രൈകോവ്‌സ്‌കി (2004 ഫെബ്രുവരി 26), പോളിഷ് പ്രസിഡന്റ് ലിഖ് കാചിന്‍സ്‌കി (2010 ഏപ്രില്‍ 10) എന്നീ നേതാക്കളും വിമാന അപകടങ്ങളിലാണ് കൊല്ലപ്പെട്ടത്.
മുന്‍ ലെബനീസ് പ്രധാനമന്ത്രി റശീദ് കറാമി വിമാന അപകടത്തില്‍ മരണപ്പെട്ട അറബ് നേതാക്കളില്‍ പ്രമുഖനാണ്. 1987 ജൂണ്‍ ഒന്നിനാണ് കറാമി വിമാനാപകടത്തില്‍ മരിച്ചത്. റഷ്യന്‍ ഗവണ്‍മെന്റ് സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സൈനിക കമ്പനിയായ (കൂലിപ്പട്ടാളം) വാഗ്‌നര്‍ ഗ്രൂപ്പ് നേതാവ് യെവ്‌ജെനി പ്രിഗോസിന്‍ 2023 ഓഗസ്റ്റ് 23 ന് മോസ്‌കോക്കും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനുമിടയിലുള്ള യാത്രക്കിടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group