മക്ക – നാളെ തര്‍വിയ ദിനത്തില്‍ രാപാര്‍ക്കാനായി തീര്‍ഥാടകര്‍ മിനായിലേക്ക് പോകുന്നതോടെ ആരംഭിക്കുന്ന ഇത്തവണത്തെ ഹജ് സീസണിനുള്ള ഒരുക്കമെന്നോണം മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി. ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാനുള്ള മശാഇര്‍ മെട്രോയുടെ സുസജ്ജത സൗദി അറേബ്യ റെയില്‍വെയ്‌സ് സ്ഥിരീകരിച്ചു. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി മുതല്‍ മശാഇര്‍ മെട്രോ ട്രെയിനുകള്‍ നിരവധി ട്രയല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.
സിസ്റ്റങ്ങള്‍, ട്രെയിനുകള്‍, സ്റ്റേഷനുകള്‍ എന്നിവയുടെ സുസജ്ജത പരിശോധിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ഹജ് സീസണില്‍ സുരക്ഷിതവും കാര്യക്ഷമവുമായ സര്‍വീസ് ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഹജ് സീസണിന്റെ സാഹചര്യങ്ങള്‍ കൃത്യമായി അനുകരിക്കുന്ന നാലു സംയോജിത സിമുലേഷനുകള്‍ ഉള്‍പ്പെടെ സമഗ്രമായ തയാറെടുപ്പ് പ്രവര്‍ത്തന പദ്ധതി നടാക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് പറഞ്ഞു.
തീര്‍ഥാടകര്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ക്കനുസരിച്ച് പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരുടെ ചലന രീതികള്‍ ഉള്‍ക്കൊള്ളാനായി പ്രത്യേകം രൂപകല്‍പന ചെയ്ത അഞ്ചു വ്യത്യസ്ത പ്രവര്‍ത്തന പദ്ധതികള്‍ക്കനുസരിച്ചാണ് മശാഇര്‍ മെട്രോ പ്രവര്‍ത്തിക്കുന്നത്. ഈ അഞ്ച് പ്രവര്‍ത്തന പദ്ധതികളില്‍ ഇരുപതു ലക്ഷത്തിലേറെ യാത്രക്കാരെ കാര്യക്ഷമമായും കൃത്യമായ സംഘാടനത്തോടെയും കൊണ്ടുപോകും. ഹജ് സീസണില്‍ മശാഇര്‍ മെട്രോ 2,000 ലേറെ സര്‍വീസുകള്‍ നടത്തും.
സുരക്ഷാ വ്യവസ്ഥകളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഹജ് ഒരുക്കങ്ങളുടെ ഭാഗമായി മശാഇര്‍ മെട്രോയുടെ എല്ലാ സംവിധാനങ്ങളിലും സൗകര്യങ്ങളിലും സ്റ്റേഷനുകളിലും സൗദി അറേബ്യ റെയില്‍വെയ്‌സ് അറ്റകുറ്റപ്പണികളും കൃത്യമായ പരിശോധനകളും നടത്തിയിട്ടുണ്ട്. അറഫ, മുസ്ദലിഫ, മിനാ എന്നീ പുണ്യസ്ഥലങ്ങളിലെ ഒമ്പത് സ്റ്റേഷനുകളെ മശാഇര്‍ മെട്രോ ബന്ധിപ്പിക്കുന്നു. മൂന്നിടങ്ങളിലും മൂന്നു സ്‌റ്റേഷനുകള്‍ വീതമാണുള്ളത്. മിനായിലെ അവസാന സ്റ്റേഷന്‍ ജംറ കോംപ്ലക്‌സിന്റെ നാലാം നിലയിലാണ്. ഇത് തീര്‍ഥാടകരുടെ സുഗമമായ ഒഴുക്കും സുരക്ഷയും വര്‍ധിപ്പിക്കുന്നു.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സുസ്ഥിര പ്രത്യേക ഗതാഗത പദ്ധതികളില്‍ ഒന്നാണ് മശാഇര്‍ മെട്രോ. 300 യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 17 ട്രെയിനുകളാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 72,000 പേര്‍ക്ക് ഗതാഗത സൗകര്യം നല്‍കാന്‍ മശാഇര്‍ മെട്രോക്ക് ശേഷിയുണ്ട് പുണ്യസ്ഥലങ്ങളിലെ തിരക്കും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറക്കാനും മികച്ചതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത അനുഭവം നല്‍കാനും മശാഇര്‍ മെട്രോ സഹായിക്കുന്നു.