മിന – ലോകൈകനാഥന്റെ വിളിക്കുത്തരം നല്‍കി ശുഭ്രവസ്ത്രം ധരിച്ച് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും എത്തിയ തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ ഒരു വര്‍ഷമായി ഉറങ്ങിക്കിടന്ന തമ്പുകളുടെ നഗരമായ മിനാ വീണ്ടും ഉണര്‍ന്നു. ഇന്ന് രാവിലെ മുതല്‍ ഹാജിമാര്‍ മിനായിലെ തമ്പുകള്‍ ലക്ഷ്യമാക്കി മക്കയിലെ താമസസ്ഥലങ്ങളില്‍ നിന്ന് കാല്‍നടയായും വാഹനങ്ങളിലും യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെയും നാളെ രാവിലെയോടെയും 25 ലക്ഷത്തോളം വരുന്ന ഹാജിമാരില്‍ ഭൂരിഭാഗവും എത്തുന്നതോടെ മിന പാല്‍ക്കടലായി മാറും. ഇന്നും നാളെയും മിനായില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ മറ്റന്നാള്‍ പുലര്‍ച്ചെ ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ അറഫ മൈതാനിയിലെത്തും.
ഹജിന് മുന്നോടിയായി മദീനയിലെയും ജിദ്ദയിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഹാജിമാരെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കി ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സംഘങ്ങളുടെ അകമ്പടിയോടെ അറഫ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഹജിന് സാധ്യമായതില്‍ വെച്ച് ഏറ്റവും മികച്ച ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ആശ്വാസമായി അറഫയിലെ റോഡുകള്‍ തണുപ്പിക്കുന്ന പദ്ധതി, അറഫയില്‍ ഇരുനില തമ്പുകള്‍, ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മിനായില്‍ പുതുതായി പത്തു ബഹുനില ടവറുകളുടെ നിര്‍മാണം അടക്കം നിരവധി പുതിയ പദ്ധതികള്‍ ഇത്തവണത്തെ ഹജിന് മുന്നോടിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഹജിന് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച എയര്‍ ടാക്‌സി സേവനവും ഹാജിമാര്‍ക്ക് വിസ്മയമാകും.
ഹജിനുള്ള സുരക്ഷാ വകുപ്പുകളുടെ സുസജ്ജത, ആശുപത്രികള്‍ അടക്കമുള്ള മെഡിക്കല്‍ സംവിധാനങ്ങളുടെ കാര്യക്ഷമത, പുതുതായി പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് വിലയിരുത്തിയിരുന്നു.
ഹജ് പെര്‍മിറ്റില്ലാത്തവര്‍ നുഴഞ്ഞുകയറി ഹജ് നിര്‍വഹിക്കുന്നത് തടയാനും നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും മക്കക്കും പുണ്യസ്ഥലങ്ങള്‍ക്കും ചുറ്റും ശക്തമായ സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്. ഹജ് പെര്‍മിറ്റില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിലും വെച്ച് പിടിയിലാകുന്നവര്‍ക്ക് 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തുന്നുണ്ട്. പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തടവ് ശിക്ഷക്കു പുറമെ ഭീമമായ പിഴയും ചുമത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി നിയമ ലംഘകരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചിരുന്നു. തടവും പിഴയും നാടുകടത്തലും വാഹനം കണ്ടുകെട്ടലുമാണ് ഇവര്‍ക്ക് വിധിച്ചത്. ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group