മക്ക– വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സ്വന്തം മുസല്ല (നമസ്‌കാരപടം) തീര്‍ഥാടകന് സമ്മാനിച്ച ശുചീകരണ തൊഴിലാളിയെ മക്ക നഗരസഭ ആദരിച്ചു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി നിസ്വാര്‍ഥതയുടെയും കാരുണ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വാഭാവിക പ്രവൃത്തിയെന്നോണം തന്റെ മുസല്ല തീര്‍ഥാടകരില്‍ ഒരാള്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു. വീഡിയോ വൈകാതെ വൈറലായി. ഇതോടെ സാമൂഹികമാധ്യമ ഉപയോക്താക്കളുടെ വ്യാപക പ്രശംസ നേടുകയായിരുന്നു.
തീര്‍ഥാടകരെ സേവിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാതൃകാപരമായ പെരുമാറ്റത്തിനുള്ള അംഗീകാരമെന്നോണമാണ് തൊഴിലാളിയെ നഗരസഭ ആദരിച്ചത്. നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളിയെ സ്വീകരിച്ച് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ശുചീകരണ തൊഴിലാളിയുടെ ഈ പ്രവൃത്തി ജീവനക്കാരില്‍ തങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഉയര്‍ന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായി മക്ക നഗരസഭ വ്യക്തമാക്കി. തൊഴിലാളിയുടെ ഉത്തരവാദിത്തബോധത്തെയും മാനവികതയെയും, തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള സമര്‍പ്പിതവും ആത്മാര്‍ത്ഥവുമായ സേവനത്തെയും നഗരസഭ പ്രശംസിച്ചു. തൊഴിലാളിയുടെ ഭാഗത്തു നിന്നുണ്ടായ ലളിതമായ ഈ പ്രവൃത്തിക്ക് ആഴമേറിയ അര്‍ഥമുണ്ടെന്നും, പുണ്യസ്ഥലങ്ങളില്‍ പ്രകടമാകുന്ന ഇസ്‌ലാമിക സാഹോദര്യത്തിന്റെ ആത്മാവിനെ എടുത്തുകാണിക്കുന്നതായും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.



