റിയാദ്- മദീനയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യന്‍ ഹജ് തീര്‍ഥാടകക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം റിയാദ് കിംഗ് ഖാലിദ് വിമാനത്താളത്തില്‍ അടിയന്തരലാന്റിംഗ് നടത്തി. കിംഗ് അബ്ദുല്ല ആശുപത്രിയില്‍ തീര്‍ഥാടകയെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍കത്തയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഫ്‌ളൈ അദീല്‍ വിമാനത്തിലെ ഹജ് തീര്‍ഥാടകയായ ബീഹാര്‍ സ്വദേശിനി മൂമിന ഖാതൂനി (69) നാണ് യാത്രമധ്യേ ശ്വാസതടസ്സം അനുഭവപ്പെട്ടതും റിയാദില്‍ മരിച്ചതും. മയ്യിത്ത് ഇന്ന് റിയാദില്‍ ഖബറടക്കും.
ഇന്നലെ ഞായറാഴ്ചയാണ് വിമാനം കൊല്‍കത്തയില്‍ നിന്ന് പുറപ്പെട്ടത്. മൂമിനക്കൊപ്പം ഭര്‍ത്താവ് മുഹമ്മദ് സദറുല്‍ ഹഖ്, മകന്‍ മുഹമ്മദ് മിറാജ് എന്നിവരുമുണ്ടായിരുന്നു. യാത്ര തുടങ്ങി അല്‍പസമയത്തിനകം ഖാതൂമിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായി. ആശ്വാസമില്ലാതെ വന്നപ്പോള്‍ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ഉറപ്പായപ്പോള്‍ ക്യാപ്റ്റന്‍ യാത്ര മധ്യേ റിയാദില്‍ അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി തേടി. രോഗിയുടെ ആരോഗ്യ അവസ്ഥയും വിമാനത്താവള അധികൃതരെ അറിയിച്ചു. യാത്രക്കാരിയുടെ രോഗവിവരത്തെക്കുറിച്ച് ക്രൂ കൈമാറിയ വിവരമനുസരിച്ച് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും റിയാദ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തൊട്ടടുത്തുള്ള അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ഉടനെ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിമാനത്താവളത്തില്‍ നിന്ന് വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് തുടര്‍നടപടിക്ക് നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം ഭര്‍ത്താവും മകനും മദീനയിലേക്ക് പോകും. ഹജ്ജ് ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെയാണ് മൂമിന വിട പറഞ്ഞത്. അടിയന്തര സാഹചര്യത്തില്‍ വിമാന ജീവനക്കാരും വിമാനത്താവള അധികൃതരും എംബസിയും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പിന്തുണക്കും സഹായത്തിനും മൂമിനയുടെ ഭര്‍ത്താവും മകനും നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group