ജിദ്ദ – ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ വാലെറ്റുകള്‍ വഴിയുള്ള വേതന വിതരണം അടുത്ത മാസാദ്യം മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം അറിയിച്ചു. അടുത്ത മാസാദ്യം മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ വാലെറ്റുകള്‍ മുഖേനെയാണ് വേതനം വിതരണം ചെയ്യേണ്ടത്.
വേലക്കാരുടെ വേതന വിതരണത്തിനുള്ള ഐക്കണുകള്‍ ഡിജിറ്റല്‍ വാലെറ്റുകളില്‍ ലഭ്യമാണ്. തൊഴിലുടമകള്‍ക്കു മാത്രമേ തങ്ങള്‍ക്കു കീഴിലുള്ള വേലക്കാരുടെ വേതനം ഡിജിറ്റല്‍ വാലെറ്റുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല ക്രമീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വേതന വിതരണം ഡിജിറ്റല്‍ വാലെറ്റുകളില്‍ പരിമിതപ്പെടുത്തുന്നത്.
ജൂലൈ ഒന്നു വരെയുള്ള കാലത്ത് മുസാനിദ് പ്ലാറ്റ്‌ഫോം അംഗീകരിച്ച ചാനലുകള്‍ വഴി വേതനം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. എസ്.ടി.സി പേ, യൂറോ പേ പെയ്‌മെന്റ് ആപ്പുകള്‍ വഴിയാണ് നിലവില്‍ വേതന വിതരണത്തിന് സൗകര്യമുള്ളത്. വേതന വിതരണം ഡോക്യുമെന്റ് ചെയ്യാനും വേതന വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളും ഇല്ലാതാക്കാനുമാണ് പുതിയ ക്രമീകരണങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.