ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) ചൈതന്യധന്യമായ പതിനഞ്ചാം വാര്‍ഷികം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പകിട്ടാര്‍ന്ന പരിപാടികളോടെ നാലു മണിക്കൂറോളം നിറഞ്ഞാടിയപ്പോള്‍ നാട്ടില്‍ നിന്നെത്തിയ ഗായിക ദുര്‍ഗാ വിശ്വനാഥ്, ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കല്‍, വെടിക്കെട്ടിലെ ഗായകന്‍ ജ്യോതിഷ് ബാബു എന്നിവര്‍ ഒരുക്കിയ സംഗീതപ്പെരുമഴ ജിദ്ദയിലെ പ്രേക്ഷകരുടെ മനസ്സില്‍ തോരാത്ത ഓര്‍മയുടെ ഓളങ്ങള്‍ സൃഷ്ടിച്ചു. അമൃതോല്‍സവം എന്ന ശീര്‍ഷകത്തിലുള്ള കലാവിരുന്നില്‍ ജിദ്ദയിലെ ഗായകന്‍ മിര്‍സാ ഷെരീഫ് കൂടി ദുര്‍ഗയോടൊപ്പം പാടി. പുറമെ ഗുഡ്‌ഹോപ്, ഫെനോം ആര്‍ട്ട് അക്കാദമികളിലെ കലാപ്രതിഭകളുടെ നൃത്തങ്ങളും. വിഭിന്നമായ രംഗാവിഷ്‌കാരങ്ങളുടെ കലാവൈവിധ്യം സഹൃദയരെ അക്ഷരാര്‍ഥത്തില്‍ ആനന്ദത്തിലാറാടിച്ചു.
കാവ്യകേരളത്തിന് മറക്കാനാവാത്ത കവി, പൗരുഷത്തിന്റെ പാട്ടുകാരന്‍, കവിത പാടാനുള്ളതാണെന്ന് കൂടി ആദ്യമായി തെളിയിച്ച, പത്തനംതിട്ടക്കാരുടെ നിയമസഭാസാമാജികന്‍ കൂടിയായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ സ്മരണകളുണര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രശസ്തകവിത – കുറത്തി – ദൃശ്യഭാവനയുടെ ഉയിരെടുപ്പോടെ വേദിയില്‍ കാഴ്ചയുടെ മഹോല്‍സവം തീര്‍ത്തത്.
പശ്ചാത്തലത്തില്‍ കടമ്മനിട്ടക്കവിതയുടെ പുതിയ ശീലുകള്‍ മുഴങ്ങി. ആ വരികള്‍ ഓര്‍മയില്‍ നിന്ന് മറയാത്തവര്‍ നര്‍ത്തകിമാര്‍ക്കൊപ്പം കവിത ഏറ്റുപാടുന്നതും കണ്ടു:
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കപടസമൂഹത്തിന്റെ കവചങ്ങളത്രയും അഴിച്ചുമാറ്റുന്നതായിരുന്നു ആ ചോദ്യം: നിങ്ങേെളാര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്..
നിര്‍ത്താത്ത കരഘോഷങ്ങളോടെയാണ് ഭാവാഭിനയത്തിലെ പുതിയ വാഗ്ദാനമായി മാറിയ, കുറത്തിയായി വേഷമിട്ട ദീപികാ സന്തോഷിനേയും കൂട്ടുകാരികളേയും ജിദ്ദയിലെ പ്രേക്ഷകര്‍ അനുമോദിച്ചത്.
ഇതിനകം നിരവധി അരങ്ങുകളില്‍ ശോഭിച്ചിട്ടുള്ള ദീപികാ സന്തോഷ്, പ്രമുഖ നാടകപ്രവര്‍ത്തകനും കലാകാരനുമായ സന്തോഷ് കടമ്മനിട്ടയുടെ പുത്രിയും കടമ്മനിട്ട മണി എന്ന പ്രൊഫഷണല്‍ നാടക കലാകാരന്റെ കൊച്ചു മകളുമാണ്. പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വനിതാവിഭാഗമാണ് കുറത്തിയ്ക്ക് പൂര്‍ണാര്‍ഥത്തിലുള്ള ദൃശ്യാവിഷ്‌കാരം പകര്‍ന്നതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത്.
കുറത്തിയായി വന്ന ദീപിക സന്തോഷിനു പുറമെ സൗമ്യ അനൂപ് (തമ്പുരാന്‍), ബിന്ദു രാജേഷ്. മിനി ജോസ്, സുശീല ജോസഫ്, നിസ സിയാദ്, ലിയാ ജെനി, ജിയാ അബീഷ്, ഷിംല ശാലു, ഷീബ ജോജന്‍, മോളി സന്തോഷ്, നിഷ ഷിബു എന്നിവരും ‘കുറത്തി’യില്‍ വേഷമിട്ടു.
നൃത്ത സംവിധാനം നിര്‍വഹിച്ചത് ഫിനോ്ം അക്കാദമിയിലെ മുതിര്‍ന്ന ക്‌ളാസിക്കല്‍ നൃത്താധ്യാപിക ആര്‍.എല്‍.വി നീത ജിനുവായിരുന്നു. ആവിഷ്‌ക്കാരം കിഷോര്‍ കുമാറും ധന്യ കിഷോറും.
ശബ്ദാലേഖനം നജീബ് വെഞ്ഞാറമൂടും ദൃശ്യ സംയോജനം സജു കൊല്ലവും രംഗപടം ആര്‍ടിസ്റ്റ് അജയകുമാറും നിര്‍വഹിച്ചു. തീര്‍ത്തും പ്രൊഫഷനലായ ഒരു കാഴ്ചവിരുന്നാണ് കുറത്തി പകര്‍ന്നു നല്‍കിയത്. പലരുടേയും മനസ്സിനെ കടമ്മനിട്ടയുടെ ആ വരികള്‍ പിന്തുടര്‍ന്നു: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…