ജിദ്ദ: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് പാക്കിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തലിന് സമ്മതിച്ചതായി എക്‌സ് പ്ലാറ്റ്ഫോം വഴി പാക് വിദേശ മന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും പൂര്‍ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി നേരത്തെ യു.എസ് പ്രസിഡന്റ് അറിയിച്ചിരുന്നു.
ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായും പാക് വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും സൗദി വിദേശ മന്ത്രി ഇന്ന് ഫോണില്‍ ബന്ധപ്പെട്ട് പിരിമുറുക്കങ്ങളും സംഘര്‍ഷവും കുറക്കാനും സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മേഖലയുടെ സുരക്ഷക്കും സ്ഥിരക്കും വേണ്ടിയുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയും ഇന്ത്യയുമായും പാക്കിസ്ഥാനുമായമുള്ള ശക്തവും സന്തുലിതവുമായ ബന്ധങ്ങളും സൗദി വിദേശ മന്ത്രി വ്യക്തമാക്കി. ഇന്ത്യ, പാക് സംഘര്‍ഷത്തിന് അറുതിയുണ്ടാക്കാന്‍ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) പ്രശംസിച്ചു.
പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നയതന്ത്രശ്രമങ്ങള്‍ നടത്തിയിരുന്നു. സൗദി ഭരണാധികാരികളുടെ നിര്‍ദേശാനുസരണം സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷം ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദില്‍ വെച്ച് ആദില്‍ അല്‍ജുബൈര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ചര്‍ച്ച നടത്തി. ഇതിന്റെ തൊട്ടുതലേദിവസം ആദില്‍ അല്‍ജുബൈര്‍ ന്യൂദല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ഇന്ത്യന്‍ വിദേശ മന്ത്രി പറഞ്ഞു. ഏപ്രില്‍ 25 ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായും പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണില്‍ ബന്ധപ്പെട്ട് പ്രാദേശിക സംഭവവികാസങ്ങളും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിലും അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പിലും ഏപ്രില്‍ 30 ന് സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിരിമുറുക്കങ്ങള്‍ കുറക്കണമെന്നും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും നല്ല അയല്‍പക്ക തത്വങ്ങളെ മാനിക്കണമെന്നും തങ്ങളുടെ ജനങ്ങളുടെയും മേഖലയിലെ ജനങ്ങളുടെയും പ്രയോജനത്തിനായി സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയോടും പാക്കിസ്ഥാനോടും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തിരുന്നു.