ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,15,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്താലയം വെളിപ്പെടുത്തി. തൊഴില്‍ നിയമവും സൗദിവല്‍ക്കരണവും മന്ത്രാലയ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലു ലക്ഷത്തിലേറെ ഫീല്‍ഡ് പരിശോധനകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തി. ഇക്കാലയളവില്‍ മന്ത്രാലയത്തിന് 14,600 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 98.9 ശതമാനവും പരിഹരിച്ചു.
ബിനാമി ബിസിനസ് സംശയിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 8,007 സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പരിശോധനകള്‍ നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലുമാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. നിരവധി ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന സൂചനകള്‍ കണ്ടെത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി.