ജിദ്ദ: 2025-ന്റെ രണ്ടാം പാദത്തിൽ ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി. സൂപ്പർമാർക്കറ്റുകൾ, ആക്സസറീസ് കടകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ജെന്റ്സ് സലൂണുകൾ, സാനിറ്ററി ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയിലാണ് പരിശോധനകൾ നടന്നത്.
ഈ കാലയളവിൽ പൊതുജനങ്ങളിൽനിന്ന് 1,704 പരാതികൾ ബിനാമി ബിസിനസ് സംബന്ധിച്ച് ലഭിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ പരാതികൾ അന്വേഷണത്തിനായി ഫീൽഡ് പരിശോധനാ സംഘങ്ങൾക്ക് കൈമാറി. പരിശോധനകളിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ, വാണിജ്യ നിയമ ലംഘനങ്ങൾ, ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ കണ്ടെത്തി.
ബിനാമി ബിസിനസ് നടത്തിയതായി തെളിഞ്ഞ 147 കേസുകൾ ബിനാമി വിരുദ്ധ നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 13 കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വിട്ടു. രണ്ടാം പാദത്തിൽ നിയമ ലംഘകർക്ക് 21,89,600 സൗദി റിയാൽ പിഴ ചുമത്തിയതായും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി.
.