കോഴിക്കോട്: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. യെമനിലെ പണ്ഡിതന്മാരുമായുള്ള നല്ല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇടപെട്ടതായും ഓരോ ഘട്ടവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. “ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ല,” എന്ന് കാന്തപുരം വ്യക്തമാക്കി.
“യെമനിലെ പണ്ഡിതന്മാരുമായി ഞാൻ നല്ല ബന്ധം പുലർത്തുന്നു. അവർ പറഞ്ഞാൽ കക്ഷികൾ ശ്രദ്ധിക്കുമെന്ന് വിശ്വസിച്ചാണ് ഇടപെട്ടത്. ഇസ്‌ലാം നിയമപ്രകാരം പ്രായശ്ചിത്തം നൽകി മാപ്പ് ലഭിക്കുന്ന രീതിയുണ്ട്. ഇതിനായി പണ്ഡിതന്മാർ ജഡ്ജിമാരുമായി സംസാരിച്ചു,” റിസാല അപ്‌ഡേറ്റിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം പറഞ്ഞു. “മാനവികത മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. മറ്റ് മതങ്ങളെ ഹനിക്കാതെ, മനുഷ്യത്വത്തിന് വിലനൽകി ലോകത്തിന് മാതൃക കാണിക്കാനാണ് ശ്രമിച്ചത്.”
നിമിഷപ്രിയയുടെ വധശിക്ഷ ആദ്യം ഒരു ദിവസത്തേക്ക് നീട്ടി, പിന്നീട് റദ്ദാക്കിയതായി കാന്തപുരം വെളിപ്പെടുത്തി. “ഞങ്ങളുടെ ഉത്തരവാദിത്തം അവിടെ അവസാനിച്ചു. ഇനി സർക്കാർ വേണ്ടത് ചെയ്യും. അവർ അത് നിർവഹിക്കുമെന്നാണ് വിശ്വാസം,” അദ്ദേഹം കൂട്ടിച്ചേർത്തു.