ജിദ്ദ – സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിന് ഇനി ശേഷിക്കുന്നത് ഒരു മാസം മാത്രം. ജൂലൈ മുതല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിത്തുടങ്ങും. ആരോഗ്യ പരിവര്‍ത്തന പ്രോഗ്രാമിന്റെ ആദ്യ ഘട്ടം എല്ലാ പ്രവിശ്യകളിലും ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ 20 ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആരോഗ്യ പരിവര്‍ത്തന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ജൂലൈയില്‍ തുടക്കമാകും. മുഴുവന്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷമെടുക്കും. ഘട്ടം ഘട്ടമായാണ് ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റുക. 2026 മധ്യത്തോടെ സൗദി പൗരന്മാര്‍ക്ക് മുഴുവന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കും.
ആരോഗ്യ പരിവര്‍ത്തന പ്രോഗ്രാം ഘട്ടങ്ങള്‍ പൂര്‍ത്തിയായി ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതോടെ രാജ്യത്ത് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി പൗരന്മാര്‍ക്ക് വേഗത്തിലും എളുപ്പത്തിലും ഉയര്‍ന്ന ഗുണമേന്മയിലും നിശ്ചിത സമയത്ത് ആരോഗ്യ സേവനങ്ങള്‍ ലഭിക്കും. പ്രൈമറി ക്ലിനിക്കുകള്‍, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യലിസ്റ്റ് ആശുപത്രികള്‍, മെഡിക്കല്‍ സിറ്റികള്‍ എന്നിവ ഉള്‍പ്പെട്ട ആരോഗ്യ സേവന ദാതാക്കളുടെ ഒരു സംയോജിത ശൃംഖലയാണ് ഈ ഹെല്‍ത്ത് ക്ലസ്റ്ററുകള്‍. പൂര്‍ണമായും സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി, ആശുപത്രികള്‍, ആശുപത്രി കെട്ടിടങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയും നിര്‍മാണവും നടത്തിപ്പും പരിപാലനവും വികസനവും വഹിക്കുകയും ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന, പിന്തുണാ സേവനങ്ങള്‍ നല്‍കുകയും ചെയ്യും.
സൗദി അറേബ്യയുടെ മധ്യ, പശ്ചിമ, ദക്ഷിണ, ഉത്തര, കിഴക്കന്‍ പ്രദേശങ്ങളിലായി 20 ഹെല്‍ത്ത് ക്ലസ്റ്ററുകളാണ് ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഓരോ ഹെല്‍ത്ത് ക്ലസ്റ്ററുകളും പത്തു ലക്ഷം പേര്‍ക്കു വീതം സേവനം നല്‍കും. സൗദിയിലെ ആകെ ജനസംഖ്യ 3.7 കോടിയിലേറെയാണ്. രാജ്യത്തെ മുഴുവന്‍ നിവാസികള്‍ക്കും സേവനം ലഭിക്കാന്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളുടെ എണ്ണം ഉയര്‍ത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. 2030 ല്‍ ആരോഗ്യ മേഖല മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 318 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ആരോഗ്യ മേഖല 2030 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 145 ബില്യണ്‍ റിയാലിലേറെ സംഭാവന ചെയ്യുമെന്നും കണക്കാക്കുന്നു. 2020 ല്‍ സ്വകാര്യ ആരോഗ്യ മേഖല മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 72 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group