മക്ക – ഒന്നര വര്‍ഷം നീണ്ട സൈക്കിള്‍ യാത്രയിലൂടെ മൊറോക്കൊന്‍ യുവാവ് അയ്യാദ് ഹജ് കര്‍മം നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലെത്തി. മൊറോക്കൊയില്‍ നിന്ന് സൈക്കിളില്‍ നേരെ സൗദിയിലേക്ക് വരുന്നതിനു പകരം ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മൂന്നു വന്കരകരളിലെ നിരവധി രാജ്യങ്ങള്‍ താണ്ടിയാണ് അയ്യാദ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. ഒന്നര വര്‍ഷം നീണ്ട യാത്രയിലൂടെ 28 കാരന് 50,000 ലേറെ കിലോമീറ്റര്‍ ദൂരം താണ്ടി. ഒരു ഹജ് തീര്ഥാടകന് പുണ്യഭൂമിയിലേക്കുള്ള യാത്രയില്‍ താണ്ടുന്ന ഏറ്റവും കൂടിയ ദൂരമാണിത്. ഈ റെക്കോര്‍ഡിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടാനും അയ്യാദ് ആഗ്രഹിക്കുന്നു.
കായിക വിനോദമെന്നോണവും, സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ലോകത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചുമാണ് തീര്‍ഥാടന യാത്രയില്‍ ഇത്തരമൊരു വഴി താന്‍ തെരഞ്ഞെടുത്തതെന്ന് അയ്യാദ് പറഞ്ഞു. യാത്രക്കിടെ നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റോഡുകളില്ലാത്ത പ്രദേശങ്ങളില്‍ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയും വനാന്തരങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. യാത്രയില്‍ പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാതെ അര്‍ധ പട്ടിണി കിടക്കേണ്ടിവന്നു. സൈക്കിളില്‍ മക്കയിലെത്തി ഹജും ഉംറയും നിര്‍വഹിക്കുക എന്നത് ദീര്‍ഘ കാലമായുള്ള തന്റെ സ്വപ്നമായിരുന്നു. പഴയ കാലത്ത് പൂര്‍വ പിതാക്കള്‍ ഒട്ടകപ്പുറത്തും കാല്‍നടയായും മരുഭൂമികളും കടലുകളും താണ്ടിയാണ് ഹജിന് വന്നിരുന്നത്. അതുമായി താരതമ്യം ചെയ്താല്‍ തന്റെ യാത്ര അത്ര ദുഷ്കരമായിരുന്നില്ലെന്നും അയ്യാദ് പറഞ്ഞു.
ഹജ് പൂര്‍ത്തിയാകുന്നതു വരെ, മക്കയില്‍ ഉമ്മു അബ്ദുല്‍ഹയ്യ് എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വനിത സ്വബാഹ് യൂസുഫിന്റെ വീട്ടിലാണ് ഇയാദ് താമസിക്കുന്നത്. മൊറോക്കൊയില്‍ നിന്ന് സൈക്കിള്‍ മാര്‍ഗം ഹജിനെത്തിയ അയ്യാദിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ സ്വബാഹ് യൂസുഫ് തന്റെ വീട്ടില്‍ തന്റെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം താമസിക്കാന്‍ യുവാവിനെ ക്ഷണിക്കുകയായിരുന്നു. തീര്‍ഥാടകരോടുള്ള അതിയായ ഇഷ്ടം കാരണമാണ് സ്വബാഹ് യൂസുഫ് മൊറോക്കൊന്‍ യുവാവിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. തന്റെ വീട് വിശാലമാണെന്നും മറ്റു മാര്‍ഗങ്ങളില്ലാതെ പ്രയാസപ്പെടുന്ന ഏതു തീര്‍ഥാടകര്‍ക്കും തന്റെ വീട്ടില്‍ താമസിക്കാവുന്നതാണെന്നും ഇതില്‍ തനിക്ക് സന്തോഷമാണെന്നും സ്വബാഹ് യൂസുഫ് പറഞ്ഞു.
ഹജ് പൂര്‍ത്തിയാകുന്നതു വരെ വിശുദ്ധ ഹറമിലോ മക്കയിലെ പള്ളികളിലോ താമസിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് അയ്യാദ് പറഞ്ഞു. ഇതിന് സാധിച്ചില്ലെങ്കില്‍ തന്റെ പക്കലുള്ള തമ്പ് റോഡ് വക്കില്‍ സ്ഥാപിച്ച് അതില്‍ കഴിയാനായിരുന്നു പദ്ധതി. എന്നാല്‍ സൗദി വനിതയുടെ സ്നേഹപൂര്‍ണമായ ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നെന്നും അയ്യാദ് പറഞ്ഞു.