മദീന – എട്ടു മാസം നീണ്ട കാല്‍നടയാത്രയിലൂടെ ഇന്ത്യന്‍ യുവാവ് പ്രവാചക നഗരിയിലെത്തി. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി സയ്യിദ് അലിയാണ് കാല്‍നടയായി കഴിഞ്ഞ ദിവസം മദീനയിലെത്തിയത്. പാക്കിസ്ഥാന്‍ ഒഴിവാക്കിയായിരുന്നു സയ്യിദ് അലിയുടെ യാത്ര. മഹാരാഷ്ട്രയില്‍ നിന്ന് കാല്‍നടയായി ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലൂടെ ന്യൂദല്‍ഹിയിലെത്തുകയും അവിടെ നിന്ന് വിമാന മാര്‍ഗം ഇറാനിലെ തെഹ്‌റാനിലെത്തുകയുമായിരുന്നെന്ന് സയ്യിദ് അലി പറഞ്ഞു. തെഹ്‌റാനില്‍ നിന്ന് കാല്‍നടയായി ഇറാഖ് വഴി ഉത്തര സൗദിയില്‍ പ്രവേശിച്ചു. ഉത്തര സൗദിയില്‍ നിന്ന് റിയാദ് വഴിയാണ് മദീനയിലെത്തിയത്. യാത്ര ഏറെ കഠിനവും ദുഷ്‌കരവുമായിരുന്നു. ദൈവകൃപയാല്‍ ഇവയെല്ലാം തരണം ചെയ്ത് പുണ്യഭൂമിയിലെത്താന്‍ സാധിച്ചു. മറ്റു പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ സൗദിയിലെ യാത്രയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഫോട്ടോ മുദ്രണം ചെയ്ത ടീഷര്‍ട്ട് താന്‍ ധരിക്കുന്നു. താന്‍ നേരത്തെയും പലതവണ മദീന സന്ദര്‍ശിച്ചിട്ടുണ്ട്. ഹജ് കര്‍മം നിര്‍വഹിച്ച ശേഷമേ സ്വദേശത്തേക്ക് മടങ്ങുകയുള്ളൂവെന്നും സയ്യിദ് അലി പറഞ്ഞു. യാത്രക്കിടെ വസ്ത്രങ്ങളും വെള്ളവും ഭക്ഷണവും അടക്കമുള്ള അവശ്യ വസ്തുക്കള്‍ സയ്യിദ് അലി ട്രോളിയില്‍ തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group