ജിദ്ദ – ഒമാനില്‍ കനത്ത മഴയിലും പ്രളയത്തിലും ഏതാനും പേര്‍ മരണപ്പെടുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തതില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുശോചനം അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന് സല്‍മാന്‍ രാജാവ് അനുശോചന സന്ദേശമയച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ സുല്‍ത്താന് അനുശോചന സന്ദേശമയച്ചു.
കനത്ത മഴയിലും പ്രളയത്തിലും വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടും മറ്റും ഒമാനില്‍ 19 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ 12 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കു വേണ്ടി അധികൃതര്‍ തിരച്ചിലുകള്‍ തുടരുകയാണ്. ഭവനരഹിതരായ നിരവധി കുടുംബങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ പ്രളയത്തില്‍ നിരവധി റോഡുകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതലാണ് ഒമാനില്‍ ശക്തമായ മഴ ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group