ജിദ്ദ– ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജിയണൽ വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ അബീർ എക്സ്പ്രസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലായി മാറിയ ക്യാമ്പ് ഒ.ഐ.സി.സി റീജിയണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഇ.സി.ജി പരിശോധന, രക്തസമ്മർദ്ദ പരിശോധന,ഷുഗർ പരിശോധന, ബി.എം.ഐ പരിശോധന എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ സേവനങ്ങൾ ക്യാമ്പിലൂടെ പ്രവാസികൾക്ക് സൗജന്യമായി ലഭ്യമാക്കി. ജിദ്ദ അൽ സഫ അൽ അബീർ എക്സ്പ്രസ് ആശുപത്രിയിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
വനിതാ വിംഗ് ഭാരവാഹികളായ മൗഷ്മി ഷരീഫ്, സിമി അബ്ദുൾ ഖാദർ, സോഫിയസുനിൽ , റംസീന സക്കിർ, നജില അഷറഫ് എന്നിവർ ക്യാമ്പിന്റെ സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒ.ഐ.സി.സി നേതാക്കളായ അസ്ഹാബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായി, സമീർ കാളികാവ്, അനിൽ കുമാർ പത്തനംതിട്ട, അലി തേക്കുംതോട്, അബുൾ ഖാദർ ആലുവ, എം.ടി ഗഫൂർ, നാസർ വയനാട്, അബുൾ നാസർ കോഴിക്കോട്, അഷറഫ് തൃശൂർ, അയ്യൂബ് പന്തളം, നിതേഷ് കാസർഗോഡ്, ജനീഷ് കാളികാവ്, ഷാനു കരമന, നവാസ് ബീമാപള്ളി, അഷറഫ് കോഴിക്കോട്, റാഷിദ് വർക്കല പ്രവീൺ എടക്കാട്,തുടങ്ങിയവരും സജീവമായി പങ്കാളികളായിരുന്നു.
ക്യാമ്പിന്റെ ഭാഗമായി അൽ അബീർ ഗ്രൂപ്പ് ഒ.ഐ.സി.സി പ്രവർത്തകർക്കായി നൽകുന്ന നിരവധി ചികിത്സാ ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. ഈ കാർഡിലൂടെ ആശുപത്രി സേവനങ്ങളിൽ പ്രത്യേക ഇളവുകൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.



