റിയാദ്– റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി(53) ഹൃദയാഘതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്നു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് എത്തിയത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഒഐസിസിയുടെ തുടക്കകാലം തൊട്ടു സജീവ പ്രവർത്തകനായിരുന്നു രാജുവെന്നും ഒഐസിസിക്കും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഒഐസിസി പ്രസിഡന്റ് സലീം കളക്കരയും ജനറൽ സെക്രട്ടറി ഫൈസൽ ബാഹസനും അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളിയുടെ ഭൗതിക ശരീരം വൈകീട്ട് 3 മണിക്ക് വരവൂർ പിലാക്കൽ ഉള്ള ഭാര്യ വീട്ടിൽ വെച്ച് അടക്കം ചെയ്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അന്ത്യോപചാരവും ഭൗതിക ശരീരത്തിൽ റീത്ത് വെക്കുകയും ചെയ്തു. മുൻ പാലക്കാട് ജില്ലാ കമ്മറ്റി ഭാരവാഹികളായ സുലൈമാൻ, മുരളി പാപ്പുള്ളി, സൈദലവി, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭാര്യ- ബിന്ദു, മകൻ- അർജുൻ



