ജിദ്ദ – സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു പാര്‍പ്പിടം എന്ന ദീര്‍ഘ കാലത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെട്ട് മാസങ്ങള്‍ കഴിയുന്നതിനു മുമ്പ് വീട് തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടതിന്റെ ഒടുങ്ങാത്ത വേദനയും സങ്കടവും കണ്ണീരും കരച്ചിലുമടക്കാനാകാതെ പങ്കുവെച്ച് ഫലസ്തീന്‍ വനിതാ മാധ്യമപ്രവര്‍ത്തക വലാ അബൂജമാ. ഇസ്രായിലി വ്യോമാക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായ വീടിനു മുന്നില്‍ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് വലാ അബൂജമാ താനും തന്റെ കുടുംബവും അടക്കമുള്ള ഫലസ്തീനികളുടെ രോദനം ലോകത്തെ അറിയിച്ചത്.
‘ഇത് ഞങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങളാണ്. ഇത് ഞങ്ങളുടെയും എന്റെ ഉമ്മാന്റെയും സ്വപ്‌നമായിരുന്നു. 27 വര്‍ഷമെടുത്താണ് വീട് വെക്കാനുള്ള സ്ഥലം തങ്ങള്‍ സ്വന്തമാക്കിയത്. രണ്ടര വര്‍ഷമെടുത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കി. മൂന്നു മാസം മാത്രമാണ് ഈ വീട്ടില്‍ തങ്ങള്‍ക്ക് താമസിക്കാന്‍ സാധിച്ചത്. അല്ലാഹുവേ, നിന്റെ വിധിയില്‍ ഞങ്ങള്‍ തൃപ്തിയടഞ്ഞിരിക്കുന്നു. ഈ തൃപ്തിക്കുള്ള പ്രതിഫലം നീ ഞങ്ങള്‍ക്ക് നല്‍കണേ, ഞങ്ങളെ കുറിച്ച് നീയും തൃപ്തനാകണേ, തൃപ്തിയടഞ്ഞവരുടെയും തൃപ്തിയടയപ്പെട്ടവരുടെയും കൂട്ടത്തില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തണേ, ഞങ്ങളുടെ ക്ഷമക്കും ഈ മണ്ണില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നതിനും ഞങ്ങള്‍ക്ക് നീ പ്രതിഫലം നല്‍കണേ’ – കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് വീഡിയോയില്‍ വലാ അബൂജമാ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ, തകര്‍ക്കപ്പെടുന്നതിനു മുമ്പുള്ള തങ്ങളുടെ മനോഹരമായ ഇരുനില വീടിന്റെ ഫോട്ടോയും തകര്‍ന്ന് തരിപ്പണമായ വീടിന്റെ അവശിഷ്ടങ്ങളും വീഡിയോയില്‍ വലാ അബൂജമാ പ്രദര്‍ശിപ്പിച്ചു.
ക്യാപ്.
വലാ അബൂജമാ തകര്‍ന്ന് തരിപ്പണമായ വീടിനു മുന്നില്‍.
വലാ അബൂജമായുടെ കുടുംബത്തിന്റെ വീട് തകര്‍ക്കപ്പെടുന്നതിനു മുമ്പും ശേഷവും.