ജിദ്ദ: ‘യോഗ’ സൗദി അറേബ്യയിലെ സ്വദേശികളുടേയും പ്രവാസികളുടേയും ജീവിതരീതിയായി മാറിയെന്നതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മനസ്സിനേയും ശരീരത്തേയും സ്ഫുടം ചെയ്യുന്നതില്‍ യോഗാസനമുറകള്‍ വഹിക്കുന്ന പരമപ്രധാനമായ പങ്കിനെക്കുറിച്ച് അറേബ്യന്‍ മണ്ണില്‍ ഇത്രമാത്രം സ്വീകാര്യത ലഭിക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കുന്നുവെന്നും ജിദ്ദയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു.
സൗദിയിലേയും മറ്റ് ഗള്‍ഫ് നാടുകളിലേയും യുവതീയുവാക്കള്‍ യോഗാമുറകള്‍ക്ക് നല്‍കുന്ന വമ്പിച്ച സ്വീകാര്യതയുടെ പിറകില്‍ പ്രവര്‍ത്തിക്കുന്ന അറബ് യോഗാ ഫൗണ്ടേഷന്‍ സാരഥിയും സൗദി വനിതയുമായ പത്മശ്രീ നൗഫ് അല്‍ മര്‍വായിയുമായി നടത്തിയ 25 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിലാണ് ‘യോഗ’ യെ പ്രോല്‍സാഹിപ്പിക്കുന്ന സൗദികളെ പ്രധാനമന്ത്രി പിന്തുണച്ചതും യോഗാ പരിശീലനവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തതുമെന്ന് കൂടിക്കാഴ്ചക്കു ശേഷം നൗഫ് അല്‍ മര്‍വായ് ദ മലയാളം ന്യൂസിനോട് പറഞ്ഞു.
യു.എ.ഇയിലെ ഫുജൈറയില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ യോഗാ ഫെഡറേഷന്റെ സമ്മേളനത്തെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചു. ഏഷ്യന്‍ യോഗ ഫെഡറേഷന്റെ സാരഥ്യം കൂടി വഹിക്കുന്ന യോഗാ വിദഗ്ധയാണ് നൗഫ് അല്‍മര്‍വായ്. സൗദി സിലബസില്‍ യോഗ ഉള്‍പ്പെടുത്തിയതിന്റെ പിന്നിലും നൗഫിന്റെ പ്രവര്‍ത്തനങ്ങളാണുള്ളത്. യോഗയുടെ പുരോഗതിക്കായുള്ള തന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി കലറയില്ലാതെ പിന്തുണച്ചത് ഈ രംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ കൂടിയാണെന്നും ഇന്ത്യയുടെ നാലാമത്തെ വലിയ ബഹുമതിയായ പദ്മപുരസ്‌കാരം ആദ്യമായി അറേബ്യന്‍ മണ്ണിലെത്തിച്ച നൗഫ് ചൂണ്ടിക്കാട്ടി.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദമെടുത്ത നൗഫ് മുഹമ്മദ് അല്‍മര്‍വായ് പത്തൊമ്പതാം വയസ്സില്‍ യോഗാഭ്യാസിയായി. യോഗാ രീതികളില്‍ കഠിനമെന്നു കരുതുന്ന ഹഠയോഗ പോലും ഇവര്‍ക്ക് അനായാസം വഴങ്ങി. ഒപ്പം ആരോഗ്യശാഖയുടെ ആദിമശിഖരമായ ആയുര്‍വേദം ആഴത്തില്‍ ഇവരെ സ്വാധീനിക്കുകയും ചെയ്തു.

യോഗയോടും ആയുര്‍വേദത്തോടുമുള്ള അഗാധമായ അഭിനിവേശം ഈ രണ്ടു ശാസ്ത്രശാഖകളുടേയും വേരുകള്‍ കേരളത്തില്‍ നിന്ന് സൗദി അറേബ്യയുടെ മണ്ണിലേക്ക് പറിച്ചുനടാന്‍ നൗഫിനെ പ്രേരിപ്പിച്ചു. ഈ രംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും യു.എ.ഇയിലെ ഏഷ്യന്‍ യോഗാ ഫെഡറേഷന്‍ മീറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും നൗഫ് മര്‍വായ് കൂട്ടിച്ചേര്‍ത്തു.