ജിദ്ദ: നവംബറില്‍ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 19.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. നവംബറില്‍ 26.9 ബില്യണ്‍ റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് മൂന്നാമതൊരു രാജ്യത്തേക്കുള്ള കയറ്റുമതി (റീ-എക്സ്പോര്‍ട്ട്) 83 ശതമാനം തോതില്‍ വര്‍ധിച്ചതാണ് പെട്രോളിതര കയറ്റുമതി ഉയരാന്‍ സഹായിച്ചത്.
നവംബറില്‍ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര മിച്ചം 44 ശതമാനം തോതില്‍ കുറഞ്ഞ് 16.9 ബില്യണ്‍ റിയാലായി. എണ്ണ കയറ്റുമതി 12.3 ശതമാനം തോതില്‍ കുറഞ്ഞതാണ് വാണിജ്യ മിച്ചത്തെ ബാധിച്ചത്. നവംബറില്‍ 63.6 ബില്യണ്‍ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. ഇതോടൊപ്പം ഇറക്കുമതി 14 ശതമാനം തോതില്‍ വര്‍ധിക്കുകയും ചെയ്തു. 73.7 ബില്യണ്‍ റിയാലിന്റെ ഉല്‍പന്നങ്ങള്‍ നവംബറില്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. നവംബറില്‍ ആകെ കയറ്റുമതി 4.7 ശതമാനം തോതില്‍ കുറഞ്ഞ് 90.5 ബില്യണ്‍ റിയാലായി.



