റിയാദ്- സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഹോത്ത സുദൈര്‍, തുമൈര്‍, മജ്മ, ഹരീഖ്, ഹായില്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ സമിതികള്‍ സുസജ്ജമായിരുന്നുവെങ്കിലും എവിടെയും ദൃശ്യമായില്ല. ആകാശം മേഘാവൃതമായിരുന്നതും മാസപ്പിറവി ദര്‍ശനത്തിന് തടസ്സമായി. ഇതോടെ നാളെ ചൊവ്വ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും.
അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ സൂര്യന് മുമ്പേ ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിനാല്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ഗോളശാസ്ത്ര പണ്ഡിതര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിന് സൗകര്യവും ഏർപ്പെടുത്തി. കാലാവസ്ഥ മാസപ്പിറവി നിരീക്ഷിക്കാൻ അനുകൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും അറിയിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ സാധാരണ മാസപ്പിറവി ദൃശ്യമാകുന്ന പ്രദേശങ്ങൾ മേഘാവൃതമാകുകയും ചെയ്തു.
സൗദി അറേബ്യയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കാണൽ ദുഷ്കരമാണെന്ന് മാസപ്പിറവി നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെട്ടിരുന്നു. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പു തന്നെ ചന്ദ്രൻ അസ്തമിച്ചതും അന്തരീഷം മേഘാവൃതമായതുമാണ് കാരണം.
ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാകും പെരുന്നാൾ. ഒമാനിൽ നാളെ(ചൊവ്വ) മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും പെരുന്നാൾ തീരുമാനിക്കുക.