അബഹ: പുതിയ വിസ ഇഷ്യൂ ചെയ്യാനെന്ന വ്യാജേന സ്പോൺസറിൽനിന്ന് അബ്ഷിറിൻ്റെ പാസ് വേഡ് കൈക്കലാക്കിയ സുഡാനി സ്വദേശീയായ വക്കീൽ ഹുറൂബാക്കിയതിനെ തുടർന്ന് ദുരിതത്തിലായ മലയാളി ഒടുവിൽ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തി. അബഹയിൽ പ്രയാസത്തിലായ മലപ്പുറം നിലമ്പൂർ സ്വദേശി ഉമ്മറാണ് ഏറെക്കാലം ദുരിതത്തിലായത്. താൻ ഹുറൂബായ വിവരം അറിയാതെ ഉമ്മർ, ഇഖാമ പുതുക്കാനായി എത്തിയപ്പോഴാണ് ഹുറൂബായ വിവരം അറിഞ്ഞത്.
തുടർന്ന് വിഷയത്തിൽ ഇടപെട്ട ഐ.സി.എഫ് അൽ മഖർ അബഹ സെൻട്രൽ നേതാക്കളായ സലീം മൂത്തേടം, റശീദ് തങ്കശ്ശേരി തുടങ്ങിയർ മുഖേന ഐ.എം.സി.സി നാഷണൽ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ സൈനുദ്ദീൻ അമാനിയെ വിഷയം ധരിപ്പിക്കുകയും ചെയ്തു. അമാനി നിരവധി തവണ കഫീലുമായി ബന്ധപ്പെടുകയും ചെയ്തു. കഫീൽ തന്റെ നിരപരാധിത്വം അമാനിയെ ധരിപ്പിച്ചു. തുടർന്ന് കഫീൽ ലേബർ ഓഫീസിൽ ഉമ്മറിനെയും കൂട്ടി പോയെങ്കിലും ഹുറൂബ് നീക്കാൻ നിയമപരമായി സാധിക്കില്ലെന്ന് അറിയിച്ചു.
എങ്കിലും സഹായം വാഗ്ദാനം ചെയ്തു. അമാനിയുടെ ശ്രമഫലമായി കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ ഉമ്മറിനെ നാട്ടിലേക്കയച്ചു. ഉമ്മറിന് നൽകിയ യാത്രയയപ്പിൽ സൈനുദ്ദീൻ അമാനി രേഖകൾ കൈമാറി. ഐ.സി.എഫ് അബഹ പബ്ലിക്കേഷൻ പ്രസിഡൻ്റ് അബ്ദുറഹ്മാൻ ക്ലാരി പുത്തൂർ, കാലിദിയ്യ യൂണിറ്റ് നേതാക്കളായ ഇസ്മായിൽ മൈനാഗ പ്പള്ളി, നിസാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.