- ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് കിരീടാവകാശി
ജിദ്ദ – സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്കുള്ള പുതിയ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം മന്ത്രിസഭ അംഗീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പുതിയ നിയമം അംഗീകരിച്ചത്. പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമാണ് പുതിയ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം ബാധകമാവുക. നിയമാനുസൃത വിരമിക്കല്‍ പ്രായം, ചില വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അര്‍ഹതക്കുള്ള യോഗ്യതാ കാലയളവ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഒഴികെ നിലവിലെ വരിക്കാര്‍ക്ക് പഴയ സിവില്‍ ഇന്‍ഷുറന്‍സ് നിയമവും സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമവും തുടര്‍ന്നും ബാധകമായിരിക്കും.
രാജ്യത്തെ പതിനാലു സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തീര്‍ഥാടര്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും നല്‍കുകയും ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത ബന്ധപ്പെട്ട വകുപ്പുകളെയും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരെയും കിരീടാവകാശി അഭിനന്ദിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ യുദ്ധവും ആക്രമണവും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ, മാനുഷിക തലങ്ങളില്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് സൗദി അറേബ്യ ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന് കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരം നേടിക്കൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നു.
ഗാസയില്‍ സാധാരണക്കാര്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നത് തുടരുന്നതായും മന്ത്രിസഭ പറഞ്ഞു.
സൗദിയില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ട് ഭൂമിശാസ്ത്ര സര്‍വേ പദ്ധതി ആരംഭിച്ചതിനെ മന്ത്രിസഭ പ്രശംസിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വേ നടത്തുന്നത്. സാമ്പത്തിക വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് അല്‍ജാഫൂറ ഗ്യസ് ഫീല്‍ഡ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും സൗദിയിലെ പ്രധാന ഗ്യാസ് വിതരണ പൈപ്പ്‌ലൈന്‍ ശൃംഖലാ വിപുലീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും കരാറുകള്‍ ഒപ്പുവെച്ചതെന്നും മന്ത്രിസഭ പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലും റുബ്ഉല്‍ഖാലി മരുഭൂമിയിലും പുതിയ എണ്ണ, വാതക ശേഖരങ്ങള്‍ കണ്ടെത്തുന്നതില്‍ സൗദി അറാംകൊ വിജയിച്ചതിനെയും മന്ത്രിസഭാ യോഗം അനുമോദിച്ചു.
ഊര്‍ജ മേഖലയില്‍ പരസ്പര സഹകരണത്തിന് കിര്‍ഗിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുകയും മാറ്റിനല്‍കുകയും ചെയ്യുന്ന മേഖലയില്‍ ഉസ്‌ബെക്കിസ്ഥാനുമായി കരാര്‍ ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനെയും പരിസ്ഥിതി മേഖലാ സഹകരണത്തിന് ജോര്‍ദാനുമായി കരാര്‍ ഒപ്പുവെക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയെയും മന്ത്രിസഭ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ യൂസുഫ് അല്‍ബുനയ്യാന്‍ അറിയിച്ചു.