റിയാദ് ∙ റിയാദ് പ്രവിശ്യയിലെ സുൽഫി ഗവർണറേറ്റിൽ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സൗദി അറേബ്യ റെയിൽവേയ്സ് (എസ്.എ.ആർ.) റിയാദ് പ്രവിശ്യ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ലോജിസ്റ്റിക്സ് സർവീസസുമായി കരാർ ഒപ്പിട്ടു. റിയാദിലെ അൽഹുകും പാലസിൽ നടന്ന ചടങ്ങിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രിയും എസ്.എ.ആർ. ബോർഡ് ചെയർമാനുമായ സ്വാലിഹ് അൽജാസർ, എസ്.എ.ആർ. സി.ഇ.ഒ. ഡോ. ബശാർ അൽമാലിക്, സുൽഫി ഗവർണർ സ്വാലിഹ് അൽറാഫിഇ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ മുഹമ്മദ് അൽഖശ്അമി എന്നിവർ സന്നിഹിതരായിരുന്നു.
“റിയാദ് പ്രവിശ്യ ചുരുങ്ങിയ കാലത്തിനുള്ളിൽ ഗുണപരമായ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു. ഇന്ന് റിയാദ് ആഗോള സാമ്പത്തിക-ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നു, പ്രധാന പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നു,” ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
നോൺ-പ്രോഫിറ്റ് മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി, റിയാദിൽ നിന്ന് മജ്മഅ, അൽഖസീം, ഹായിൽ, അൽജൗഫ് വഴി ഖുറയ്യാത്തിലേക്കുള്ള ഉത്തര റെയിൽവേ ശൃംഖലയിലെ ഏഴാമത്തെ സ്റ്റേഷനായി സുൽഫിയെ ചേർക്കും. ഇത് റെയിൽ ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുകയും സുൽഫി നിവാസികൾക്ക് നൂതനവും കാര്യക്ഷമവുമായ ഗതാഗത പരിഹാരങ്ങൾ നൽകുകയും ചെയ്യും.
സുൽഫി, റിയാദ് പ്രവിശ്യയുടെ വടക്കുഭാഗത്ത് തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും പ്രകൃതിദത്ത-ചരിത്രപരമായ അടയാളങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.