ജിദ്ദ – തട്ടിപ്പുകളിലൂടെ എ.ടി.എം കാര്‍ഡുകളില്‍ (മദ) നിന്ന് പണം പിന്‍വലിക്കുകയും കവരുകയും ചെയ്യുന്നത് ഉള്‍പ്പെടെ എ.ടി.എം കാര്‍ഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എളുപ്പത്തില്‍ പരാതികള്‍ നല്‍കാന്‍ പൊതുസുരക്ഷാ വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ ആണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. എ.ടി.എം കാര്‍ഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ക്കിരകളാകുന്ന സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ പുതിയ സേവനം പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ പരാതികള്‍ നല്‍കാന്‍ സാധിക്കും.
ഇതിന് അബ്ശിറില്‍ പ്രവേശിച്ച് ഖിദ്മാതീ, പൊതുസുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച പരാതികള്‍, പുതിയ പരാതി സമര്‍പ്പിക്കല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം ക്ലിക്ക് ചെയ്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഏതു രീതിയിലാണ് തട്ടിപ്പിന് ഇരയായത് എന്ന കാര്യവും പണം പിന്‍വലിക്കപ്പെട്ട അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതിയില്‍ വിശദീകരിക്കണം. തുടര്‍ന്ന് ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കി പരാതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഡിജിറ്റല്‍ പരിവര്‍ത്തന ദിശയില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പ്രയാണത്തിന്റെ തുടര്‍ച്ചയെന്നോണവും, സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഡിജിറ്റല്‍ പോംവഴികള്‍ നല്‍കാനും, അവരുടെ സമയവും അധ്വാനവും ലാഭിക്കുകയും നടപടിക്രമങ്ങള്‍ സുഗമമായും സൗകര്യപ്രദമായും പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന വിധത്തില്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനുമുള്ള പൊതുസുരക്ഷാ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായുമാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group