റിയാദ്- പത്ത് വര്‍ഷത്തിന് ശേഷം യമനില്‍ ഇന്ത്യന്‍ അംബാസഡറെ നിയമിച്ചു. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ആണ് റിപ്പബ്ലിക് ഓഫ് യമനിന്റെ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമന്‍ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ ലീഷര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡര്‍ ചുമതലയേറ്റെടുത്തു.
ചടങ്ങില്‍ യമന്‍ വിദേശകാര്യമന്ത്രി ഷായാ സിന്‍ഡാനി സംബന്ധിച്ചു. ആഭ്യന്തര സംഘര്‍ഷം മൂലമാണ് പത്ത് വര്‍ഷം മറ്റു പല രാജ്യങ്ങളെ പോലെ ഇന്ത്യക്കും അംബാസഡര്‍ ഇല്ലാതായത്. ജിബൂട്ടിയിലെ എംബസിക്കായിരുന്നു ഇക്കാലയളവില്‍ ഇവിടുത്തെ ചുമതല. ഇന്ത്യയും യമനും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ ആഴത്തിലുള്ള പ്രതിബദ്ധത ഡോ. സുഹൈല്‍ അജാസ് ഖാന്‍ പ്രകടിപ്പിച്ചു.
യമന്‍ പ്രസിഡന്റുമായി സംസാരിക്കവേ പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ലഭ്യമായ ഐ.ടി.ഇ.സി കോഴ്‌സിനെയും ഐ.സി.സി.ആര്‍ സ്‌കോളര്‍ഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുമായുള്ള തന്റെ ബന്ധം സ്‌നേഹപൂര്‍വം അനുസ്മരിച്ച പ്രസിഡന്റ്് ഡോ. അല്‍ ആലിമി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, യമനിലെ ഇന്ത്യക്കാര്‍ തുടങ്ങിയവരുമായി അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ആശയ വിനിമയം നടത്തുന്നുണ്ട്.
ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.