ജിദ്ദ – സൗദിയില്‍ നഗരസഭാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകരിച്ചു. നഗരസഭാ നിയമ ലംഘനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ അടക്കമുള്ള ശിക്ഷകളാണ് പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നത്.
ലൈസന്‍സില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ നിയമ ലംഘകന്റെ ചെലവില്‍ പൊളിച്ചുനീക്കും. നഗരാസൂത്രണ പദ്ധതിക്ക് വിരുദ്ധമല്ലാത്തതും അയല്‍ക്കാര്‍ക്ക് ദോഷങ്ങള്‍ സൃഷ്ടിക്കാത്തതും നിര്‍മാണ നിയമങ്ങളുമായി ഒത്തുപോകുന്നതുമായ, ലൈസന്‍സില്ലാതെ നിര്‍മിച്ച കെട്ടിടങ്ങളുടെ ഉടമകളില്‍ നിന്ന് കെട്ടിട നിര്‍മാണ ചെലവിന്റെ നാലിലൊന്നിന് തുല്യമായ തുക പിഴയായി ഈടാക്കും. കൂടാതെ കെട്ടിട നിര്‍മാണ ലൈസന്‍സ് ഫീസും ഈടാക്കും. ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷ സ്ഥിരീകരിച്ച് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എന്‍ജിനീയറിംഗ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.
നഗരസഭാ നിയമ ലംഘനങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാലില്‍ കൂടാത്ത തുക പിഴ ചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തിയ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ഗുരുതരമായ നിയമ ലംഘനമാണെങ്കില്‍ പത്തു ലക്ഷം റിയാലില്‍ കൂടാത്ത പിഴ ചുമത്തും. ആവര്‍ത്തിച്ച് ലംഘനം നടത്തുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകര്‍ക്ക് ഇരട്ടി പിഴ ചുമത്തും.
നിയമലംഘനത്തിന് രണ്ടാഴ്ചയില്‍ കൂടാത്ത കാലയളവിലേക്ക് കടയോ സ്ഥാപനമോ അടച്ചുപൂട്ടും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇരട്ടി കാലത്തേക്ക് അടച്ചുപൂട്ടും. ഗുരുതരമായ ലംഘനങ്ങളില്‍ കടയുടെയോ സ്ഥാപനത്തിന്റെയോ മുനിസിപ്പല്‍ ലൈസന്‍സ് റദ്ദാക്കാനും രണ്ട് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്താനും പുതിയ ചട്ടങ്ങള്‍ അനുശാസിക്കുന്നു.
നഗരസഭകളുടെയും ബലദിയകളുടെയും വര്‍ഗീകരണം അനുസരിച്ച് ഓരോ നിയമ ലംഘനത്തിനുമുള്ള അടിസ്ഥാന പിഴകള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഒന്നിലധികം തവണ ആവര്‍ത്തിക്കുന്ന ഗുരുതരമല്ലാത്ത നിയമ ലംഘനത്തിനുള്ള പരമാവധി പിഴ പത്തു ലക്ഷം റിയാലിലും ഗുരുതരമായ നിയമ ലംഘനത്തിനുള്ള പരമാവധി പിഴ ഇരുപതു ലക്ഷം റിയാലിലും കവിയാന്‍ പാടില്ലെന്ന് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.
നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ ഗ്രേസ് പിരീഡ് അനുവദിക്കാന്‍ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ചെറിയ നിയമ ലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്പ് വാണിംഗും ഗ്രേസ് പിരീഡും നല്‍കും. എന്നാല്‍ ഗുരുതരമായ നിയമ ലംഘനങ്ങളില്‍ പിഴ ചുമത്തിയ ശേഷമാണ് ഗ്രേസ് പിരീഡ് അനുവദിക്കുക. അടിയന്തിരമായി പരിഹരിക്കേണ്ട നിയമ ലംഘനങ്ങനങ്ങളില്‍ ഒരു ദിവസമാണ് ഗ്രേസ് പിരീഡ് നല്‍കുക. കെട്ടിടം പൊളിക്കേണ്ട നിയമ ലംഘനങ്ങളില്‍ മുപ്പത് ദിവസം വരെയാണ് തിരുത്തല്‍ ഗ്രേസ് പിരീഡുകള്‍ അനുവദിക്കുക. നഗരസഭകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വര്‍ഗീകരണത്തെ അടിസ്ഥാനമാക്കിയാണ് ഓരോ നിയമ ലംഘനത്തിനുമുള്ള പിഴ തുക നിര്‍ണയിക്കുക.