ജിദ്ദ – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗ്രേറ്റര്‍ ഇസ്രായില്‍ പ്രസ്താവനക്കെതിരെ അറബ്, മുസ്‌ലിം ലോകത്ത് രോഷം ആളിക്കത്തുന്നു. ഗ്രേറ്റര്‍ ഇസ്രായിലുമായി ബന്ധപ്പെട്ട ചരിത്രപരവും ആത്മീയവുമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന നെതന്യാഹുവിന്റെ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.
മിഡില്‍ ഈസ്റ്റിന്റെ ഭൂപടം പുനര്‍നിര്‍മിക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് നെതന്യാഹു മുമ്പ് സംസാരിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 78-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ വെസ്റ്റ് ബാങ്കോ ഗാസ സ്ട്രിപ്പോ കാണിക്കാത്ത മിഡില്‍ ഈസ്റ്റിന്റെ ഭൂപടം നെതന്യാഹു ഉയര്‍ത്തിപ്പിടിച്ചു. കഴിഞ്ഞ വര്‍ഷം, ഐക്യരാഷ്ട്രസഭയില്‍ നെതന്യാഹു അതേ ഭൂപടവും മറ്റൊരു മാപ്പും ഉയര്‍ത്തിപ്പിടിച്ച് അവയെ താരതമ്യം ചെയ്ത് ആദ്യത്തേത് പറുദീസയെയും രണ്ടാമത്തെ ശാപത്തെയും പ്രതിനിധീകരിക്കതായി അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കോ ഗാസ മുനമ്പോ രണ്ട് ഭൂപടങ്ങളിലും ദൃശ്യമായിരുന്നില്ല.
ഗ്രേറ്റര്‍ ഇസ്രായില്‍ ദര്‍ശനം എന്ന പേരില്‍ ഇസ്രായില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ സൗദി വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രായില്‍ അധികൃതര്‍ സ്വീകരിച്ച ജൂതകുടിയേറ്റ, രാഷ്ട്ര വിപുലീകരണ ആശയങ്ങളെയും പദ്ധതികളെയും സൗദി അറേബ്യ പൂര്‍ണമായും തള്ളിക്കളയുന്നു. ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കി, ഫലസ്തീന്‍ ജനതക്ക് അവരുടെ ഭൂമിയില്‍ സ്വതന്ത്ര, പരമാധികാര രാഷ്ട്രം സ്ഥാപിക്കാന്‍ ചരിത്രപരവും നിയമപരവുമായ അവകാശമുണ്ട്. അന്താരാഷ്ട്ര നിയമസാധുതയുടെ അടിത്തറയെ തകര്‍ക്കുന്ന, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ നഗ്‌നമായി ലംഘിക്കുന്ന, പ്രാദേശിക, ആഗോള സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള ഇസ്രായിലിന്റെ തുടര്‍ച്ചയായതും നഗ്‌നവുമായ നിയമ ലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രതിബദ്ധത ഈജിപ്ത് സ്ഥിരീകരിക്കുകയും ഗ്രേറ്റര്‍ ഇസ്രായിലിനെ കുറിച്ച പ്രസ്താവനകളെ അപലപിക്കുകയും ചെയ്യുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു. നെതന്യാഹുവിന്റെ പ്രസ്താവന അസ്ഥിരത പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ സമാധാന ഓപ്ഷന്‍ നിരാകരിക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കണമെന്ന നിര്‍ബന്ധം പ്രകടിപ്പിക്കുന്നതുമാണ്. ഇക്കാര്യത്തില്‍ ഇസ്രായില്‍ വ്യക്തത വരുത്തണം. മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ആഗ്രഹിക്കുന്ന സമാധാനപ്രിയരായ പ്രാദേശിക, അന്താരാഷ്ട്ര കക്ഷികളുടെ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമാണ് ഈ പ്രസ്താവന. ചര്‍ച്ചകളിലേക്ക് മടങ്ങിവന്ന് ഗാസക്കെതിരായ യുദ്ധം അവസാനിപ്പിച്ച്, 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ പശ്ചിമേഷ്യയില്‍ സമാധാനം കൈവരികയുള്ളൂവെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഗ്രേറ്റര്‍ ഇസ്രായില്‍ ദര്‍ശനത്തെ കുറിച്ചുള്ള ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനകളെ ഫലസ്തീന്‍ പ്രസിഡന്‍സി അപലപിച്ചു. അവ യു.എന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണ്. ഇത് രാജ്യങ്ങളുടെ പരമാധികാരത്തെയും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തും. അപകടകരമായ പ്രകോപനവും തീവ്രതയും ഉണ്ടാക്കുന്ന ഈ പ്രസ്താവനകള്‍ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഇസ്രായിലിനെ നിയന്ത്രിക്കുന്ന വിപുലീകരണ കൊളോണിയല്‍ നയത്തെയും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കരാറുകളെ ബഹുമാനിക്കാനുള്ള വിസമ്മതത്തെയും നെതന്യാഹുവിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു.
1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അടക്കം അന്താരാഷ്ട്ര നിയമസാധുതയും അന്താരാഷ്ട്ര നിയമവും അനുശാസിക്കുന്ന കാര്യങ്ങളോടുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രതിബദ്ധത ഫലസ്തീന്‍ പ്രസിഡന്‍സി വ്യക്തമാക്കി. ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിലൂടെ അന്താരാഷ്ട്ര സമൂഹം സ്ഥിരീകരിച്ച ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും സന്നദ്ധത ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിലപാടുകളും അവഗണിക്കുന്ന ഏതൊരു പ്രസ്താവനയെയും തള്ളിക്കളയുന്നു. തങ്ങളുടെ ഭൂമിയോടും അവകാശങ്ങളോടും പ്രതിജ്ഞാബദ്ധരായ ഫലസ്തീന്‍ ജനത തങ്ങള്‍ വിധേയരാകുന്ന കുടിയിറക്കവും വംശഹത്യ യുദ്ധവും നിരസിക്കുന്നതു പോലെ, ഒരു അറബ് രാജ്യത്തിന്റെയും ഭൂമിക്കോ പരമാധികാരത്തിനോ എതിരായ കടന്നുകയറ്റവും അംഗീകരിക്കുന്നില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി വ്യക്തമാക്കി.
തീവ്രവാദം, പ്രകോപനം, ആക്രമണം, രാഷ്ട്രങ്ങളുടെ പരമാധികാരത്തോടുള്ള അവഗണന എന്നിവ വ്യക്തമാക്കുന്ന വാചാടോപത്തിന്റെ തുടര്‍ച്ചയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും ബന്ധപ്പെട്ട പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനവുമാണ് ഗ്രേറ്റര്‍ ഇസ്രായേല്‍ ദര്‍ശനം എന്ന് വിളിക്കപ്പെടുന്നതിനെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ പറഞ്ഞു.
അധിനിവേശ ശക്തി എന്ന നിലയില്‍ അന്താരാഷ്ട്ര ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ ലംഘിക്കുന്നത് തുടരാനുമാണ് ഈ ആക്രമണാത്മക പ്രസ്താവനകളിലൂടെ ഇസ്രായില്‍ ലക്ഷ്യമിടുന്നത്. ഈ വിപുലീകരണ കൊളോണിയല്‍ വാചാടോപത്തിന്റെ അപകടത്തെ കുറിച്ച് ഒ.ഐ.സി മുന്നറിയിപ്പ് നല്‍കി. ഇത് മേഖലാ, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുകയും അക്രമം വര്‍ധിപ്പിക്കുകയും മേഖലയിലെ സംഘര്‍ഷം വികസിപ്പിക്കുകയും നീട്ടുകയും ചെയ്യുന്നു. ഈ ആക്രമണാത്മക നയങ്ങളെ നേരിടാനും ഇസ്രായിലി ആക്രമണം തടയാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും 1967 മുതല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഫലസ്തീന്‍, അറബ് പ്രദേശങ്ങളിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കാനും നിര്‍ണായക നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹവും യു.എന്‍ രക്ഷാ സമിതിയും ഏറ്റെടുക്കണം. മേഖലയില്‍ നീതിയുക്തവും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമാണിതെന്നും ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ മുസ്‌ലിം വേള്‍ഡ് ലീഗ് രൂക്ഷമായി അപലപിച്ചു. മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും മുസ്‌ലിം സ്‌കോളേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ നെതന്യാഹുവിന്റെ ക്രൂരമായ പ്രസ്താവനകളെ അപലപിച്ചു. മേഖലയിലെ എല്ലാവരും ആഗ്രഹിക്കുന്ന ശാശ്വതവും നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനുള്ള ഏറ്റവും വലിയ തടസ്സമാണിതെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.