ജിദ്ദ: മുസ്‌ലിം ലീഗ് നേതാക്കൾ തങ്ങളുടെ തട്ടിപ്പുകൾ മറയ്ക്കാൻ മതാത്മകത ഉപയോഗിക്കുകയാണെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ ആരോപിച്ചു. ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻകാല മുസ്‌ലിം ലീഗ് നേതാക്കൾ മതം മുൻനിർത്തി രാഷ്ട്രീയം നടത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ നേതാക്കൾ തങ്ങളുടെ തെറ്റുകൾ മറച്ചുവെക്കാൻ മതാത്മകത ആശ്രയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഈ പ്രവണത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം,” അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മതസ്ഥാപന നേതൃത്വവും രാഷ്ട്രീയ പാർട്ടി പ്രസിഡന്റ് സ്ഥാനവും ഒരാൾ വഹിക്കുന്ന ഏക പാർട്ടി മുസ്‌ലിം ലീഗ് മാത്രമാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി. “മതാത്മകത ലീഗിനെ മെച്ചപ്പെടുത്തേണ്ടതായിരുന്നു, പക്ഷേ അത് പാർട്ടിയെ കൂടുതൽ ദുഷിപ്പിക്കുകയാണ്. പുതിയ കാലത്ത് മതവും വിശ്വാസവും മുൻനിർത്തി രാഷ്ട്രീയം നടത്താനാണ് ലീഗ് ശ്രമിക്കുന്നത്,” അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാല ലീഗ് നേതാക്കൾ ഒരിക്കലും മതാധിഷ്ഠിത പാർട്ടിയായി പ്രവർത്തിച്ചിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ നേതൃത്വത്തിന് അണികളുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് ലീഗിന്റെ പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം വിമർശിച്ചു.
“ഈ പ്രതിസന്ധി മറികടക്കാൻ ‘സമുദായം’ എന്ന് ആവർത്തിച്ച് പറഞ്ഞ് മതാത്മകതയെ പുൽകുകയാണ് ലീഗ്. എല്ലാം മതത്തിന്റെ കണ്ണടയിലൂടെ മാത്രം കാണാനാണ് അവർ ശ്രമിക്കുന്നത്. ഇത് കേരളത്തിൽ മതങ്ങൾ തമ്മിൽ ധ്രുവീകരണം വർധിപ്പിക്കും, ന്യൂനപക്ഷങ്ങൾക്ക് ഭാവിയിൽ അപകടകരമാകും,” ജലീൽ മുന്നറിയിപ്പ് നൽകി. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ഏകീകരണത്തിനായി ശ്രമിക്കുന്നതുപോലെ, ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ ഏകീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ വർഗീയ ശ്രമങ്ങൾ എന്ത് വില കൊടുത്തും ചെറുക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മ്യൂണിസവും ഇസ്‌ലാമും തമ്മിൽ ബന്ധപ്പെടുത്തുന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ജലീൽ പറഞ്ഞു. “സംഘപരിവാർ ശക്തികൾ കമ്മ്യൂണിസ്റ്റുകളെയും മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും ശത്രുക്കളായി കണ്ട് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാൻ ശ്രമിക്കുകയാണ്. മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത്, ലീഗിന്റെ പ്രവർത്തനങ്ങൾ അതിനെ ദുർബലപ്പെടുത്തുകയാണ്,” അദ്ദേഹം വിമർശിച്ചു.
സി.പി.എമ്മിന്റെ മതനിരപേക്ഷ നിലപാടിനെ വർഗീയമായി ചിത്രീകരിക്കാൻ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിക്കുന്നുവെന്ന് ജലീൽ ആരോപിച്ചു. “സി.പി.എമ്മിനെ വർഗീയ ചാപ്പ കുത്തി മാറ്റിനിർത്തി, പിന്നെ മതനിരപേക്ഷ പക്ഷത്ത് ആരെ നിർത്താനാണ് ഈ കൂട്ടർ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചോദിച്ചു. മുസ്‌ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന്, “ലീഗ് ഒരു സാമുദായിക പാർട്ടിയാണ്, എന്നാൽ ചില നേതാക്കൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു,” എന്ന് അദ്ദേഹം മറുപടി നൽകി.
ജിദ്ദ നവോദയ നേതാക്കളായ കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര, സി.എം. അബ്ദുറഹിമാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.