ജിദ്ദ – സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി മുന അൽഅജമിയെ നിയമിച്ചതായി മന്ത്രാലയം അറിയിച്ചു. സുതാര്യത വർധിപ്പിക്കാനും മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കാനും മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനം.
“ദൈവനാമത്തിൽ ആരംഭിക്കുന്നു… വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി എന്നെ നിയമിച്ചതിന് മന്ത്രാലയത്തിന് നന്ദി. [email protected] എന്ന വിലാസത്തിൽ നിങ്ങളുടെ അന്വേഷണങ്ങൾ സ്വീകരിക്കാൻ ഞാൻ സന്തുഷ്ടയാണ്. മന്ത്രാലയത്തിന്റെ പുതിയ വിവരങ്ങളിലേക്കുള്ള ജാലകമായി ഈ അക്കൗണ്ട് മാറുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് മുന അൽഅജമി മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങൾ കൃത്യവും വ്യക്തവുമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും മാധ്യമ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായാണ് ഈ നിയമനം. വിദ്യാഭ്യാസ മന്ത്രാലയത്തിലെ നേതൃസ്ഥാനങ്ങളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും സ്ഥാപനപരമായ ആശയവിനിമയത്തെ പിന്തുണക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ നടപടി സ്ഥിരീകരിക്കുന്നു.
2019 മുതല്‍ 2023 വരെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി സേവനമനുഷ്ഠിച്ച ഇബ്തിസാം അല്‍ശഹ്‌രിക്ക് ശേഷം ഈ സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് മുന അല്‍അജമി. സൗദിയില്‍ ഒരു മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഔദ്യോഗിക വക്താവായി സേവനമനുഷ്ഠിച്ച ആദ്യത്തെ സൗദി വനിതയായിരുന്നു ഇബ്തിസാം അല്‍ശഹ്‌രി. പൊതുജനങ്ങളുമായി ആശയവിനിമയ ചാനലുകള്‍ വികസിപ്പിക്കാനും മാധ്യമ സാന്നിധ്യം വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനം.
കുവൈത്തില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുന അല്‍അജമി, കിംഗ് ഫൈസല്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയിട്ടുണ്ട്. അല്‍ഹസ വിദ്യാഭ്യാസ വകുപ്പില്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ വിഭാഗം സൂപ്പര്‍വൈസറായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. വിദ്യാഭ്യാസ തന്ത്രങ്ങളിലും മാനവശേഷി വികസനത്തിലും സ്‌പെഷ്യലൈസ് ചെയ്ത മുന അല്‍അജമി, ഡി ബോണോ സെന്റര്‍ ഫോര്‍ തിങ്കിംഗില്‍ നിന്ന് സര്‍ട്ടിഫൈഡ് ട്രെയിനര്‍, സ്റ്റീഫന്‍ കോവി സെവന്‍ ഹാബിറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്ന് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ നിരവധി പരിശീലന യോഗ്യതകള്‍ നേടിയിട്ടുണ്ട്. കയ്റോ സര്‍വകലാശാലയില്‍ നിന്ന് ട്രെയിനേഴ്സ് ഓഫ് ട്രെയിനേഴ്സ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്.