ജിദ്ദ – സൗദിയില്‍ വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പ്രീമിയം ഇഖാമക്ക് ഒന്നര വര്‍ഷത്തിനിടെ 40,000 ലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം ഇഖാമ പ്ലാറ്റ്‌ഫോം അറിയിച്ചു. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ രാജ്യത്തിനകത്തും പുറത്തുമുള്ള അപേക്ഷകരില്‍ നിന്ന് പ്രീമിയം ഇഖാമക്ക് 40,163 അപേക്ഷകള്‍ ലഭിച്ചതായി പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി. പ്രതിഭകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതില്‍ സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായ പ്രീമിയം ഇഖാമക്ക് ആവശ്യം വര്‍ധിച്ചുവരുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2024 ല്‍ 8,074 പ്രീമിയം ഇഖാമകള്‍ അനുവദിച്ചു. പ്രതിഭകള്‍, വിദഗ്ധര്‍, പ്രോപ്പര്‍ട്ടി ഓണര്‍, സംരംഭകര്‍, ബിസിനസ് നിക്ഷേപകര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രീമിയം ഇഖാമകള്‍ അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷാദ്യം പ്രീമിയം ഇഖാമ അനുവദിക്കുന്ന വിഭാഗങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴാക്കി സൗദി അറേബ്യ ഉയര്‍ത്തിയിരുന്നു. ആഗോളതലത്തില്‍ പ്രതിഭകള്‍ക്കും അസാധാരണ വൈദഗ്ധ്യമുള്ളവക്കും സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ സൗദി അറേബ്യയില്‍ താമസിക്കാനും നിക്ഷേപങ്ങള്‍ നടത്താനും ജോലി ചെയ്യാനും പ്രാപ്തരാക്കുകയാണ് പ്രീമിയം ഇഖാമ ലക്ഷ്യം.
ഇഖാമ ഉടമക്കും കുടുംബത്തിനും സൗദിയില്‍ സ്ഥിരതാമസം, വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനുമുള്ള സ്വാതന്ത്ര്യം, ലെവി ഇളവ്, റിയല്‍ എസ്റ്റേറ്റും വാഹനങ്ങളും സ്വന്തമാക്കാനും നിക്ഷേപങ്ങള്‍ നടത്താനുമുള്ള അനുമതി, സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ വിസ, ബന്ധുക്കള്‍ക്ക് സന്ദര്‍ശന വിസകള്‍, വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്കുള്ള പ്രത്യേക ട്രാക്കുകള്‍ ഉപയോഗിക്കാനുള്ള അനുമതി, മക്കയിലും മദീനയിലും 99 വര്‍ഷം വരെ റിയല്‍ എസ്റ്റേറ്റുകള്‍ പ്രയോജനപ്പെടുത്താനുള്ള അനുമതി തുടങ്ങി നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ വാഗ്ദാനം ചെയ്യുന്നു.