മക്ക – ഹജ് തീര്‍ഥാടകരുടെ സേവനത്തിന് 27,000 ലേറെ ബസുകളും 5,000 ലേറെ ടാക്‌സികളും നൂറു കണക്കിന് റെന്റ് എ കാര്‍ സ്ഥാപനങ്ങളുമുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ലക്ഷ്യം. തീര്‍ഥാടകരെ സ്വീകരിക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സമന്വയത്തോടെ പ്രവര്‍ത്തിക്കുന്നു.
വിമാനങ്ങളില്‍ എത്തുന്ന തീര്‍ഥാടകരെ ഉയര്‍ന്ന നിലവാരത്തിലും കാര്യക്ഷമതയിലും സജ്ജീകരിച്ച ബസുകള്‍ സ്വീകരിക്കുന്നു. തീര്‍ഥാടകരുടെ യാത്രക്ക് വളരെ കാര്യക്ഷമമായ റോഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹാജിമാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാന്‍ കര, സമുദ്ര ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വാഹനങ്ങളിലും അതോറിറ്റി പരിശോധനകള്‍ നടത്തുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഗതാഗത സേവനങ്ങളെല്ലാം എളുപ്പത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 120 ലേറെ സ്ഥലങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്കു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള ബസുകളുടെ നീക്കത്തിന്റെ ഒഴുക്ക് അളക്കുന്ന, ഇന്‍സിയാബ് എന്ന് പേരിട്ട പുതിയ സംരംഭം ഇത്തവണത്തെ ഹജിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബസിന്റെ വേഗത, ഡ്രൈവറുടെ പെരുമാറ്റം എന്നിവ അടക്കം 25 സൂചകങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അളക്കുന്നു. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വെര്‍ച്വല്‍ ഗ്ലാസ് സാങ്കേതികവിദ്യ ഈ വര്‍ഷം കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹജിന് ബസ് പരിശോധന ആറിരട്ടി വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബസ് പരിശോധിക്കാന്‍ സെക്കന്റുകള്‍ മാത്രമാണ് എടുക്കുന്നത്. ടാക്‌സി സേവനം എളുപ്പത്തില്‍ ആവശ്യപ്പെടാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്ന ടാക്‌സി ആപ്പ് വൈകാതെ പുറത്തിറക്കും. ഹാജിമാര്‍ക്ക് യാത്രാ സേവനം നല്‍കുന്ന ബസുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്കു കീഴിലെ 120 നിരീക്ഷകര്‍ ഉറപ്പാക്കുന്നതായും സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.